ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം: അനില്‍ രാധാകൃഷ്ണമേനോനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

പാലക്കാട് : പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ രൂക്ഷപ്രതികരണവുമായി സോഷ്യല്‍ മീഡിയ. അനിലിന്‍റെ ഫേസ്ബുക്ക് പേജില്‍ കമന്‍റുകളായാണ് ആളുകള്‍ പ്രതിഷേധം അറിയിക്കുന്നത്.

സംവിധായകന്‍റെ വിവേചനം അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിഭാഗം പേരുടെയും വിമര്‍ശനം. സംവിധായകന്‍റെ അടുത്ത ചിത്രം ബഹിഷ്ക്കരിക്കാനും പ്രേക്ഷകരുടെ ആഹ്വാനമുണ്ട്.

തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച്‌ നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടി ഉദ്ഘാടനം കഴിഞ്ഞെത്തിയാല്‍ മതിയെന്ന് ബിനീഷിനെ അറിയിച്ചു. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തിയും ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തത്.

ഇതിന് വിസ്സമ്മതിച്ച താരം പിന്നീട് വേദിയില്‍ വരികയും സ്റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ശേഷം ബിനീഷ് നടത്തിയ പ്രസംഗത്തിന് വലിയ കരഘോഷമാണ് വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചത്.

പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ ബിനീഷിനെ തടയുന്നതും പൊലീസിനെ പിടിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോയും ഇതേ സമയം പുറത്തുവന്നിട്ടുണ്ട്. മൈക്ക് നല്‍കാന്‍ തയ്യാറാകാത്ത സംഘാടകര്‍ക്ക് മുന്നില്‍ വികാരാധീനനായാണ് താരം സംസാരിച്ചത്.

error: Content is protected !!