സ്കൂൾ വിദ്യാർത്ഥിനികൾ അണിനിരന്ന് പയ്യന്നൂരിൽ മെഗാ തിരുവാതിര

കണ്ണൂർ : പയ്യന്നൂർ സെന്റ‌്മേരീസ‌് ഗേൾസ‌് ഹൈ‌സ‌്കൂളിന്റെ മുറ്റത്ത‌് ആയിരം വിദ്യാർഥിനികൾ അവതരിപ്പിച്ച മെഗാ തിരുവാതിര വ്യത്യസ്ത അനുഭവമായി. സ‌്കൂളുകളിലെ ആദ്യ മെഗാ തിരുവാതിരക്കാണ്‌ പയ്യന്നൂർ സാക്ഷ്യം വഹിച്ചത്‌. കസവ് സാരി ചുറ്റി മുല്ലപ്പൂ ചൂടി ഹൈസ‌്കൂൾ വിദ്യാർഥിനികൾ അണിനിരന്നപ്പോൾ പട്ടുപാവാടയണിഞ്ഞാണ് യുപി ക്ലാസിലെ വിദ്യാർഥിനികൾ തിരുവാതിര കളിച്ചത്. സ‌്കൂൾ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ‌്കൂളിലെ വിദ്യാർഥിനികളും അധ്യാപകരുമാണ‌് ഒരാഴ‌്ചയ്‌ക്കുള്ളിൽ തിരുവാതിര പരിശീലിപ്പിച്ചത്‌.

മുഴുവൻ കുട്ടികളെയും ജാതി –-മത പരിഗണനകളില്ലാതെ ഒരുവേദിയിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ‌് സ്കൂൾ അധികൃതർ തിരുവാതിര സംഘടിപ്പിച്ചത്. നഗരസഭാ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ നിലവിളക്ക്‌ കൊളുത്തി തുടക്കംകുറിച്ചു. ‘പരമശിവ പാർവതീ വല്ലഭ, ശരണം നീ…’ തുടങ്ങിയ പാട്ടിന‌് താളമിട്ട‌് കുട്ടികൾ അരമണിക്കൂർ ചുവടുവച്ചു. സംഗീതസംവിധായകൻ സുദർശനൻ, നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ വി ബാലൻ, കൗൺസിലർ പി വി ദാസൻ എന്നിവരും രക്ഷിതാക്കളും നാട്ടുകാരുമടക്കം ആയിരങ്ങളാണ‌് മെഗാതിരുവാതിരക്ക്‌ സാക്ഷിയായത്‌.

 

error: Content is protected !!