ശബരിമലയില്‍ ഇത്തവണയും ദര്‍ശനത്തിനെത്തുമെന്ന് മനിതി സംഘം

ഈ മണ്ഡലകാലത്തും ശബരിമല ദര്‍ശനം നടത്താനെത്തുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് തീരുമാനം. കേരള സര്‍ക്കാര്‍ എത്രത്തോളം സുരക്ഷ ഒരുക്കുമെന്ന് അറിയില്ലെന്നും മനിതി സംഘാംഗം സെല്‍വി വ്യക്തമാക്കി.

സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് മനിതി വനിതാ കൂട്ടായ്മയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇതുവരെ മൂന്ന് യുവതികള്‍ ശബരിമല ദര്‍ശനത്തിന് താല്‍പര്യം അറിയിച്ചിട്ടുള്ളതായാണ് അറിയുന്നത്. കേരളത്തില്‍ നിന്നുള്ള യുവതികളും ഒരുമിച്ച്‌ ദര്‍ശനം നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പത്തിലധികം പേര്‍ ഉണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് സംഘമായി തന്നെ പോകും. കഴിഞ്ഞ തവണ ദര്‍ശനത്തിന് ശ്രമിച്ച ബിന്ദു, മാധവി ഉള്‍പ്പടെയുള്ളവര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സെല്‍വി കൂട്ടിച്ചേര്‍ത്തു.

ഈ മാസം 16 നാണ് ശബരിമലയില്‍ മണ്ഡലകാല പൂജകള്‍ക്കായി നടതുറക്കുന്നത്. കഴിഞ്ഞ തവണ മധുരയില്‍ നിന്ന് കേരള പോലീസ് സംരക്ഷണം നല്‍കിയിരുന്നു. ഇത്തവണയും കേരള പോലീസ് നിര്‍ദേശിക്കുന്ന യാത്രാ മാര്‍ഗം സ്വീകരിക്കും. കാര്യമായ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് മനീതി കൂട്ടായ്മയുടെ കണക്കുകൂട്ടല്‍.

error: Content is protected !!