കേരളത്തിന്‍റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നിരത്തിലിറങ്ങി

കേരളത്തിന്‍റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോയായ നീം ജി നിരത്തിലിറങ്ങി. 10 ഓട്ടോകളാണ് നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങിയത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിയമസഭയിലേക്കാണ് ഓട്ടോകളുടെ ആദ്യ സര്‍വീസ് നടത്തിയത്.സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വോട്ടോകളുടെ ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്യ്തു.

വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവരുമായി എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നിയമസഭയിലേക്കായിരുന്നു കേരളത്തിന്‍റെ സ്വന്തം ഇ-ഓട്ടോയുടെ ആദ്യ യാത്ര.

ഈ വര്‍ഷം ജൂണിലാണ് കെ.എ.എല്ലിന് ഇ-ഓട്ടോ നിര്‍മാണത്തിനുള്ള കേന്ദ്രാനുമതി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മാണത്തിന് അനുമതി നേടുന്നത്. ജൂലായിലായിരുന്നു വാഹനത്തിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിച്ചത്.

15-ഓളം വണ്ടികളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറക്കുന്നത്. ഈ മാസം 150 ‘നീം-ജി’ ഓട്ടോകള്‍ നിരത്തിലിറക്കാനാകുമെന്നാണ് കെ.എ.എല്‍. പ്രതീക്ഷിക്കുന്നത്. 2.8 ലക്ഷം രൂപയാണ് ഇ-ഓട്ടോയുടെ വില. ഇതില്‍ ഏകദേശം 30,000 രൂപയോളം സബ്‌സിഡി ലഭിക്കും. ബാറ്ററിക്കാണ് ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം സുഗമമായി ഓടുമെന്നാണ് നിര്‍മാണഘട്ടത്തില്‍ കെ.എ.എല്‍. പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പരീക്ഷണഘട്ടത്തില്‍ ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 120 കിലോമീറ്റര്‍ ദൂരം വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇ-ഓട്ടോ സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ വാഹനം ഫ്ലാഗ്‌ഓഫ് ചെയ്യുന്ന ദിവസം സൗജന്യ സര്‍വീസുകളും കെ.എ.എല്‍. വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവില്‍ കെ.എ.എല്‍. വഴി നേരിട്ടായിരിക്കും ഇ-ഓട്ടോകളുടെ വില്‍പ്പന. തുടര്‍ന്ന് വാഹനങ്ങളുടെ പ്രകടനം നിരീക്ഷിച്ച്‌ ഡീലര്‍ഷിപ്പ് വഴി കൂടുതല്‍ ജില്ലകളില്‍ വില്‍പ്പനയ്ക്കെത്തിക്കും. നിര്‍മാണം കൂടുന്നതിനനുസരിച്ച്‌ വില്‍പ്പനശാലകളും സര്‍വീസ് സെന്റുകളും വ്യാപകമാക്കാനാണ് കെ.എ.എല്ലിന്റെ പദ്ധതി.

error: Content is protected !!