പോലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പും മെമ്മറികാര്‍ഡും താഹയുടേതല്ലെന്ന് മാതാവ്

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തിയ താഹ ഫസലിന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പും മെമ്മറി കാര്‍ഡും പ്രതിയുടെതല്ലെന്ന് കുടുംബം. താഹാ ഫസലിന്റെ സഹോദരന്‍ ഇജാസിന്‍റെ ലാപ്ടോപ്പാണ് പൊലീസ് കൊണ്ടു പോയതെന്നും താഹ ഫസലിന്‍റേതല്ലെന്നും അലന്‍ ഷുഹൈബ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും താഹ ഫസലിന്‍റെ അമ്മ ജമീല വ്യക്തമാക്കി.

താഹയും അലനും സിപിഎമ്മിന്‍റെ സജീവപ്രവര്‍ത്തകരാണെന്നും പൊലീസ് നിര്‍ബന്ധിച്ച്‌ താഹയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞ ജമീല താഹയെ കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോഴാണ് മുദ്രാവാക്യം മുഴക്കിയതെന്നും കൂട്ടിച്ചേര്‍ത്തു. ഒപ്പമുണ്ടായിരുന്ന ആളെ കാണിച്ചു തന്നാല്‍ വിടാമെന്ന് പറഞ്ഞാണ് ഇരുവരേയും പോലീസ് ജീപ്പില്‍ കയറ്റിയതെന്നും ജമീല വ്യക്തമാക്കി.

വയറിന് ചവിട്ടിയും മുഖത്തടിച്ചുമാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് മകന്‍ തന്നോട് പറഞ്ഞതായി ജമീല പറഞ്ഞു. വീട്ടില്‍ പരിശോധനക്ക് കൊണ്ടുവന്നപ്പോള്‍ പോലീസ് തന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച്‌ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നെന്ന് താഹ പറയുന്നതിന്റെ ഓഡിയോ സഹോദരന്‍ പുറത്തു വിട്ടിരുന്നു. കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് പോലീസ് മുദ്രാവാക്യം വിളിപ്പിച്ചതെന്ന് താഹ പറയുന്നത് ഈ ഓഡിയോയില്‍ വ്യക്തമാണ്്. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോഴാണ് താഹയുടെ സംസാരം സഹോദരന്‍ രഹസ്യമായി പകര്‍ത്തിയത്.

error: Content is protected !!