കര്‍താര്‍പുര്‍ ഇടനാഴി തുറക്കാനിരിക്കെ മേഖലയില്‍ ഭീകര സാന്നിധ്യമുണ്ടെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കായി കര്‍താര്‍പുര്‍ ഇടനാഴി തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ മേഖലയില്‍ ഭീകരപരിശീലന ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. പാക്കിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയില്‍ നരോവല്‍ ജില്ല കേന്ദ്രീകരിച്ച്‌ ഭീകരരുടെ പ്രവര്‍ത്തനം സജീവമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

ഇന്ത്യയിലെ പഞ്ചാബില്‍ ഗുരുദാസ്പുര്‍ ജില്ലയിലുള്ള കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയെ, പാകിസ്ഥാനിലെ നരോവലിലെ ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍താര്‍പുര്‍ ഇടനാഴി. ഈ ഇടനാഴി തുറക്കുന്നതോടെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ അത് ഉപയോഗപ്പെടുത്താന്‍ സാധത്യയുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ആശങ്കയുണ്ട്. സിഖ് വികാരം ചൂഷണം ചെയ്ത് ഇന്ത്യയില്‍ ഖാലിസ്ഥാന്‍ അജണ്ട ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ‘സിഖ്‌സ് ഫോര്‍ ജസ്റ്റിസ്’ എന്ന ഗ്രൂപ്പിന്റെ പ്രവര്‍ത്തനവും നിരീക്ഷിച്ചുവരികയാണ്.

ഇന്ത്യന്‍ അതിര്‍ത്തിക്കിപ്പുറം നാലു കിലോമീറ്ററോളം പാക്ക് മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണ്. പാക്കിസ്ഥാനി സിം കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഇന്ത്യവിരുദ്ധ നടപടികളും ലഹരിമരുന്നു കടത്തും നടത്താന്‍ സാധ്യതയുണ്ടെന്നാണു കരുതുന്നത്. പാക്കിസ്ഥാനി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതു നിരോധിക്കാന്‍ പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെട്ടു. അടുത്തിടെ രാജസ്ഥാനിലെ ശ്രീഗംഗനഗര്‍ ജില്ലാ കലക്ടര്‍ പാക്ക് സിം ഉപയോഗിക്കുന്നതു നിരോധിച്ചിരുന്നു.

error: Content is protected !!