കണ്ണൂർ ജില്ലയിൽ ഇലക്‌ട്രിക്ക്‌ വാഹന ചാർജിങ്‌ സ്‌റ്റേഷനായി പരിഗണിക്കുന്നത്‌ 27 സ്ഥലങ്ങൾ

കണ്ണൂർ : 27 സ്ഥലങ്ങളാണ് ജില്ലയിൽ ഇലക്‌ട്രിക്ക്‌ വാഹന ചാർജിങ്‌ സ്‌റ്റേഷനായി പരിഗണിക്കുന്നത്‌ . ഇതിൽ എട്ടെണ്ണം  പൊതുസ്ഥലങ്ങളായിരിക്കും. പതിനാറിടത്ത്‌ സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണമുണ്ടാകും. കാൾടെക്‌സ്‌, സ്‌റ്റേഡിയം  കോർണർ തുടങ്ങിയവയാണ്‌ പൊതുസ്ഥലങ്ങൾ.
ഇതിനുപുറമെ  കലക്ടറേറ്റ്‌, ബിഎസ്‌എൻഎൽ ജിഎം ഓഫീസ്‌,  കണ്ണൂർ സർവകലാശാല എന്നിവങ്ങളിലും സ്‌റ്റേഷൻ പരിഗണനയിലുണ്ട്‌.  നിർദേശം  വൈദ്യുതി ബോർഡിന്‌ സമർപ്പിച്ചു. കെഎസ്‌ഇബിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ചൊവ്വ സബ്‌ സ്‌റ്റേഷനിൽ ചാർജിങ്‌ സ്‌റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. മൂന്നുസെന്റ്‌ സ്ഥലമാണ്‌ വേണ്ടത്‌. ഒരു വലിയ വാഹനത്തിനും ആറ്‌ ചെറുവാഹനങ്ങൾക്കും ഒരേസമയം ചാർജ്‌ ചെയ്യാം.
തിരക്കുള്ള വാഹനങ്ങൾക്ക്‌ ചാർജ്‌ ചെയ്യാനുള്ള ഒരു ഫാസ്‌റ്റ്‌  ചാർജിങ്‌ സംവിധാനം ഉണ്ടാവും. ഇതിന്‌ 15 മിനിട്ട്‌ വേണം. സാധാരണ ചാർജിങ്ങിനായി അഞ്ച്‌  യൂണിറ്റുണ്ടാകും. ഇതിൽ ചാർജ്‌ ചെയ്യാൻ ഒരുമണിക്കൂറെടുക്കും.  ഒരിക്കൽ ചാർജ്‌ ചെയ്‌തവ  ശരാശരി 100 കിലോമീറ്റർ ഓടിക്കാം.

 

error: Content is protected !!