ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കാമെന്ന് കോടതി

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ പാലക്കാട് ജില്ലാ കോടതി അനുമതി നൽകി. മരിച്ചവരുടെ ബന്ധുക്കൾ എത്തിയിട്ടുണ്ടെങ്കിലും അവർക്ക് മൃതദേഹം വിട്ടുനൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികൾ പോലീസിന് ആരംഭിക്കാമെന്ന് കോടതി വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച കോടതി സുപ്രീംകോടതി നിർദ്ദേശം അനുസരിച്ചുള്ള മാനദണ്ഡങ്ങളെല്ലാം പോലീസ് പാലിച്ചുവെന്നും നിരീക്ഷിച്ചു.

നേരത്തെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ നാലാം തീയതി വരെ സംസ്കരിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ആ കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കേസ് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വന്നത്. തൃശൂർ മെഡിക്കൽ കോളജിലെ മോർച്ചറിയിലാണ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. അതേസമയം മൃതദേഹം സംസ്കരിക്കുന്നതിനെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും എതിർത്തു. റീ പോസ്റ്റ്മോർട്ടം വേണമെന്നും മൃതസംസ്കാരം ഒരാഴ്ച കൂടി നീട്ടിവയ്ക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല. ഇതോടെ ഹൈക്കോടതി സമീപിക്കാൻ ബന്ധുക്കൾ തീരുമാനിച്ചിട്ടുണ്ട്.

error: Content is protected !!