ഡല്‍ഹി കോടതി വളപ്പിലെ സംഘര്‍ഷം: രണ്ട് ഐപിഎസുകാര്‍ക്ക് സ്ഥലംമാറ്റം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെ സ്ഥലംമാറ്റി. സ്‌പെഷല്‍ കമ്മീഷണര്‍ സഞ്ജയ് സിങ്, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദര്‍ കുമാര്‍ സിങ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. ക്രമസമാധാന ചുമതലയില്‍ നിന്നും ഇവരെ മാറ്റി. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സഞ്ജയ് കുമാറിനെ ഗതാഗത വകുപ്പില്‍ സ്പെഷ്യല്‍ കമ്മിഷണറായും ഹരേന്ദര്‍ കുമാര്‍ സിങിനെ റെയില്‍വേ ഡിസിപി ആയുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. റെയില്‍വേ ഡിസിപി ദിനേശ് കുമാര്‍ ഗുപ്തയെ ഉത്തരമേഖലാ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണറായി നിയമിച്ചിട്ടുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോടതി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

നവംബര്‍ രണ്ട് ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടസുണ്ടായത്. ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പൊലീസ് വാഹനം തട്ടിയതും പാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഒരു അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി ആരോപിച്ച്‌ അഭിഭാഷകര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

അഭിഭാഷകര്‍ പൊലീസ് വാഹനങ്ങളും ബൈക്കുകളും കത്തിച്ചു. ഇതിനിടെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരു അഭിഭാഷകന് വെടിയേറ്റു.

error: Content is protected !!