അശ്രഫ് ആഡൂരിന്റെ ഓർമ്മക്കായി കഥാപുരസ്‌ക്കാരം : സമ്പൂർണ കൃതി പ്രസിദ്ധീകരിക്കാനൊരുങ്ങി സൗഹൃദ കൂട്ടായ്മ

കണ്ണൂർ : കണ്ണൂരിൻറെ പ്രിയകഥാകാരൻ അശ്രഫ് ആഡൂരിന്റെ പേരിൽ കഥാ പുരസ്ക്കാരം നൽകും അശ്രഫ് ആഡൂര് സൗഹൃദ കൂട്ടായ്മ തീരുമാനിച്ചു. കുറുംകഥകളുടെ രാജകുമാരൻ എന്നപേരിൽ അറിയ പെട്ടിരുന്ന അശ്രഫ് ആഡൂര് ജീവിത ഗന്ധിയായ നിരവധി കഥകളിലൂടെ വായനയുടെ പുതിയ തലം തീർത്ത എഴുത്തുകാരനായിരുന്നു.കണ്ണൂർ സിറ്റി ചാനലിൽ സീനിയർ സബ് എഡിറ്റർ ആയിരുന്ന അശ്രഫ് പക്ഷാഘാതത്തെ തുടർന്ന് നാല് വർഷക്കാലം കിടപ്പിലായിരുന്നു.അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മാർച്ച് 31 നാണ് അന്തരിച്ചത്. കിടപ്പിലായ അശ്രഫിന് താങ്ങും തണലുമായത് കേബിൾ ടിവി എംപ്ലോയിസ് അസോസിയേഷനും സുഹൃത്തുക്കളും ചേർന്ന്  രൂപീകരിച്ച സൗഹൃദ കൂട്ടായ്മയാണ്. കഥവീട് എന്നപേരിൽ വീട് നിർമിച്ച് നൽകിയ ഈ സൗഹൃദ കൂട്ടായ്മയാണ് അശ്രഫിന്റെ ഓർമ്മകൾ നിലനിർത്താൻ അശ്രഫ് ആഡൂർ കഥാ പുരസ്ക്കാരം നൽകാൻ തീരുമാനിച്ചത്.

പ്രസിദ്ധീകരിക്കാത്ത ചെറുകഥയ്ക്കാണ് എല്ലാ വർഷവും പുരസ്ക്കാരം നൽകുക. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്ക്കാരം. ഡിസംബർ മാസം കഥകൾ ക്ഷണിക്കും. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു കഥയ്ക്കാണ് പുരസ്ക്കാരം നൽകുക. പുരസ്‌ക്കാരത്തിന് പുറമെ അവശത അനുഭവിക്കുന്ന സാംസ്കാരിക പ്രവർത്തകന് 25000 രൂപ സഹായധനം നൽകും. പുരസ്‌ക്കാര ദാന ചടങ്ങിൽ വച്ച് അശ്രഫ് ആഡൂരിന്റെ എല്ലാകഥകളും ചേർത്ത് സമ്പൂർണ കൃതി പ്രകാശനം ചെയ്യും. എഴുത്തുകാരൻ ഇല്ലാതാകുമ്പോൾ പല പ്രസാധകരായി പ്രസിദ്ധീകരിച്ച അവരുടെ കഥകളും വിസ്‌മൃതമാവുകയാണ് മലയാള സാഹിത്യലോകത്തെ പതിവ്. അശ്രഫിന്റെ കഥകൾ എല്ലാം എന്നും നിലനിൽക്കണമെന്ന ആഗ്രഹത്തിലാണ് സമ്പൂർണ കൃതികൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. 2020 മാർച്ചിൽ കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം നൽകും.

ഇയ്യ വളപട്ടണം പ്രസിഡണ്ടും ,പി.എസ്സ് .വിനോദ് സെക്രട്ടറിയും, പ്രിജേഷ് ആചാണ്ടി ട്രഷററും,മനോഹരന്‍ മോറായി വൈസ് പ്രസിഡണ്ടും , സാബിർ വളപട്ടണം ജോയിൻ സെക്രട്ടറിയുമായി അശ്രഫ് ആഡൂർ പുരസ്‌ക്കാര കമ്മറ്റി രൂപീകരിച്ചു. പി ജയരാജൻ,കെ പ്രമോദ്,സി രഘുനാഥ്,പിപി ദിവാകരൻ, കെ പി സുധാകരൻ,പിപി ശശീന്ദ്രൻ,കെ ഹരികൃഷ്ണൻ എന്നിവരെ രക്ഷാധികാരികളായും തീരുമാനിച്ചു . കമ്മറ്റി രൂപീകരണ യോഗത്തിൽ പി ജയരാജൻ, കെ പ്രമോദ് ,സി രഘുനാഥ് ,പി എസ് വിനോദ് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!