കുട്ടികളുടെ കൈവിരലില്‍ മുറിവുണ്ടാക്കിയുള്ള യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: കോതമംഗലത്ത് കുട്ടികളുടെ കൈവിരലില്‍ മുറിവുണ്ടാക്കി യാക്കോബായ വിഭാഗം പ്രതിഷേധം നടത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 18 വയസല്‍ താഴെയുള്ള കുട്ടികളെക്കൊണ്ടാണ് ഇത്തരം സമര നടപടികള്‍ നടത്തിച്ചതെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കളക്ടര്‍, ശിശുക്ഷേമ ഓഫീസര്‍ എന്നിവരോട് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

യാക്കോബായ വിശ്വാസികളുടെ പള്ളികള്‍ ഓര്‍ത്തഡോക്സ് വിഭാഗം കൈയ്യേറുന്നുവെന്നാരോപിച്ചായിരുന്നു കോതമംഗലത്ത് യാക്കോബായ വിഭാഗത്തിന്‍റെ കുട്ടികളെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധ പരിപാടി.

കുട്ടികളുടെ കൈവിരലില്‍ മുറിവുണ്ടാക്കി കടലാസില്‍ രക്തംകൊണ്ടെഴുതിയായിരുന്നു പ്രതിഷേധം. കുട്ടികളെകൊണ്ട് വിശ്വാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കുകയും പള്ളിക്ക് ചുറ്റും വലം വയ്പ്പിക്കുകയും ചെയ്ത ശേഷം രക്തം കൊടുത്തും വിശ്വാസം സംരക്ഷിക്കുമെന്ന് കൈവിരലില്‍ മുറിവുണ്ടാക്കി കടലാസില്‍ എഴുതി പ്രതിജ്ഞ ചെയ്യിക്കുകയായിരുന്നു.

അഖില മലങ്കര സഭാ സണ്ടേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ യാക്കോബായ സഭക്കു കീഴിലെ എഴുന്നൂറോളം സണ്ടേ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു.

error: Content is protected !!