മോദിയ്ക്ക് വീണ്ടും വ്യോമപാത നിഷേധിച്ച്‌ പാകിസ്ഥാന്‍

ശ്രീനഗര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്ഥാന്‍ വീണ്ടും വ്യോമപാത നിഷേധിച്ചതായി റിപ്പോര്‍ട്ട്. മോദി സൗദി സന്ദര്‍ശനത്തിന് പോകാന്‍ വ്യോമപാത ഉപയോഗിക്കാനായി അനുമതി തേടിയെന്നും എന്നാല്‍ പാകിസ്ഥാന്‍ അത് നിഷേധിച്ചെന്നും പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം അനുമതി തേടിയതുമായി ബന്ധപ്പെട്ട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒക്ടോബര്‍ 29 ന് നടക്കുന്ന അന്താരാഷ്ട്ര ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദി സൗദിയിലേക്ക് പോകുന്നത്. ഇതിനായി 28ന് വ്യോമപാത ഉപയോഗിക്കാനുള്ള അനുമതിയാണ് ഇന്ത്യ തേടിയതെന്നാണ് പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാകിസ്ഥാന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ വ്യോമപാത തുറന്നു നല്‍കിയിരുന്നില്ല. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു. പാകിസ്ഥാന്‍ ഇന്ത്യയിലേക്കുള്ള വ്യോമപാത അടച്ചത്. കൂടാതെ കഴിഞ്ഞ മാസമാദ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഐസ്‌ലാന്‍ഡിലേക്കുള്ള യാത്രയ്ക്കായും പാകിസ്ഥാന്‍ വ്യോമപാത തുറന്നുനല്‍കിയിരുന്നില്ല.

നേരത്തെ ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന്​ ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍​ പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചിരുന്നു​. ജൂലായ് 16നാണ്​ ഇത്​ തുറന്ന്​ കൊടുത്തത്​. എന്നാല്‍,​ പിന്നീട് ഓഗസ്റ്റില്‍ ഫ്രാന്‍സിലേക്ക് പോയപ്പോള്‍ നരേന്ദ്രമോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്ഥാന്റെ അനുവാദം തേടുകയും പാകിസ്ഥാന്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന് മുകളിലൂടെ പറന്നാണ് അന്ന് നരേന്ദ്രമോദി ഫ്രാന്‍സിലെത്തിയത്.

error: Content is protected !!