വാളയാറിലെ സഹോദരിമാര്‍ക്ക് നീതി വേണം: സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പ്രതിഷേധം

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സംസ്ഥാന സര്‍ക്കാരിനുകീഴിലുള്ള നിയമവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തായിരുന്നു പ്രതിഷേധം. കേരള സൈബര്‍ വാരിയേഴ്‌സാണ് പെണ്‍കുട്ടികള്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

https://www.keralalawsect.org എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഈ വെബ്‌സൈറ്റ് ഇപ്പോള്‍ ലഭ്യമല്ല. വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകത്തിന് പിന്നിലെ പ്രതികളെ വെറുതെവിട്ടതിലുള്ള പ്രതിഷേധക്കുറിപ്പും സൈറ്റില്‍ കൊടുത്തിട്ടുണ്ട്.

ഞങ്ങളുടെ സഹോദരിമാര്‍ക്ക് നീതിവേണം; കേരളത്തിലെ നിയമവകുപ്പ്; അങ്ങിനെയൊന്ന് ഉണ്ടോ? വാളയാറിലെ സഹോദരിമാരുടെ കൊലയാളികളെ വെറുതെ വിട്ടിരിക്കുന്നു. ഇതിനുത്തരവാദികള്‍ കേരള സര്‍ക്കാരാണ് എന്നെഴുതിയ പോസ്റ്ററും വെബ്‌സൈറ്റില്‍ പതിച്ചു.

അതേസമയം, വാളയാര്‍ കേസില്‍ ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തുമെന്ന് നിയമ മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചോയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!