എ.ജിക്ക് കാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്ത് ഒരു കാബിനറ്റ് പദവി കൂടി നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. അഡ്വക്കറ്റ് ജനറല്‍ (എ.ജി)സി.പി സുധാകരപ്രസാദിന് കാബിനറ്റ് പദവി നല്‍കും. നേരത്തെ അഡ്വക്കറ്റ് ജനറലിനു കൂടി കാബിനറ്റ് പദവി നൽകാനുള്ള നിർദേശം മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ നിര്‍ദ്ദേശം മന്ത്രിസഭയുടെ പരിഗണനക്ക് എത്തിയിരുന്നില്ല. മന്ത്രിമാരില്‍ ചിലര്‍ക്ക് നിര്‍ദ്ദേശത്തോട് എതിര്‍പ്പുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മന്ത്രിമാര്‍ക്കു പുറമേ ക്യാബിനറ്റ് പദവി ലഭിച്ചവരുടെ എണ്ണം അഞ്ചായി. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍, മുന്നോക്ക സമുദായ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, സര്‍ക്കാര്‍ ചീഫ് വിപ്പ് ആര്‍.രാജന്‍, ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി സമ്ബത്ത് എന്നിവര്‍ക്കാണ് ക്യാബിനറ്റ് റാങ്കുള്ളത്.

ഭരണഘടനാ പദവി വഹിക്കുന്നതിനാല്‍ സുധാകരപ്രസാദിന് ഇപ്പോള്‍ത്തന്നെ സവിശേഷ അധികാരങ്ങളുണ്ട്. ഇതിനു പുറമേയാണ് എ.ജിക്ക് ക്യാബിനറ്റ് പദവി നല്‍കുന്നത്. മോട്ടോര്‍ വാഹനനിയമത്തിലെ ഉയര്‍ന്ന പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കായികമേളയ്ക്കിടെ ഹാമര്‍ വീണ് മരിച്ച അഫീലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കാനും യോഗം തീരുമാനിച്ചു.

error: Content is protected !!