മരട് ഫ്ലാറ്റ് കേസ്: ആല്‍ഫ വെഞ്ചേഴ്സ് ഉടമ ജെ പോള്‍ രാജ് കീഴടങ്ങി

കൊച്ചി: മരട് ഫ്ളാറ്റ് നിര്‍മാണ ക്രമക്കേടില്‍ ആല്‍ഫ വെഞ്ചേഴ്സ് ഉടമ ജെ പോള്‍ രാജ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങി.

ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കും.

പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. പോള്‍ രാജിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.

കോടതി പോള്‍ രാജിനെ അടുത്ത മാസം അഞ്ചുവരെ റിമാന്‍ഡ് ചെയ്തു. മരട് ഫ്ലാറ്റ് നിര്‍മാണ കേസില്‍ ഹോളിഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസും രണ്ട് മുന്‍ ഉദ്യോഗസ്ഥരും അറസ്റ്റിലായതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോയിരുന്നു. റിമാന്‍ഡിലായ നാല് പ്രതികളുടെയും ജാമ്യാപേക്ഷ അടുത്ത മാസം എട്ടിന് പരിഗണിക്കും. പോള്‍ രാജിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

അതേസമയം, മുന്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. പഴയ പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെയാണ് നിയമം ലംഘിച്ചുള്ള നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന്, കേസില്‍ അറസ്റ്റിലായ മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ് ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍ പഞ്ചായത്ത് ഭരണസമിതിയിലെ സി.പി.എമ്മുകാരായ പി.കെ.രാജു, എം.ഭാസ്കരന്‍ എന്നീ അംഗങ്ങളെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തിയത്.

error: Content is protected !!