മരട് ഫ്ലാറ്റ്: എല്ലാവര്‍ക്കും 25 ലക്ഷം നല്‍കണമെന്ന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മ്മാണ കേസില്‍ നിര്‍ണ്ണായക വിധി പറഞ്ഞു സുപ്രീം കോടതി. ഉടമസ്ഥരായ എല്ലാവര്‍ക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്ലാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനായി 20 കോടി കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.

രണ്ടു ഹര്‍ജികളാണ് വെള്ളിയാഴ്ച സുപ്രീം കോടതിയുടെ മുന്നില്‍ വന്നത്. മരടിലെ ഫ്ലാറ്റുകളുടെ സംഘടനയും ഫ്ലാറ്റ് ഉടമകളുമാണ് ഹര്‍ജി നല്‍കിയത്. ഫ്ലാറ്റ് നിര്‍മാതാക്കളുടെ സംഘടന നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.

മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് ആദ്യ ഘട്ട നഷ്ടപരിഹാരം ആയി 25 ലക്ഷം നല്‍കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് 25 ലക്ഷം നല്‍കാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്യുന്നില്ല എന്ന് ഫ്ലാറ്റ് ഉടമകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വില്‍പ്പന കരാറില്‍ തുക കുറച്ച്‌ കാണിച്ചെങ്കിലും, ബാങ്ക് ലോണിനും മറ്റും വന്‍ തുക തങ്ങള്‍ ചെലവഴിച്ചിട്ടുണ്ട് എന്ന് ഫ്ലാറ്റ് ഉടമകള്‍ വാദിച്ചു. രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഉടമകള്‍ വ്യക്തമാക്കി.

ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ മാനദണ്ഡം പ്രകാരം ഫ്ലാറ്റിന്‍റെ വില പരിശോധിച്ച്‌ നഷ്ടപരിഹാരം നിശ്ചയിച്ചത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടര്‍ന്നാണ് നഷ്ട പരിഹാരത്തിന് സമിതിയെ സമീപിച്ച എല്ലാവര്‍ക്കും 25 ലക്ഷം വീതം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.

എന്നാല്‍ ഈ തുകയ്ക്ക് ഉള്ള രേഖകള്‍ ഫ്ലാറ്റ് ഉടമകള്‍ പിന്നീട് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നഷ്ട പരിഹാരത്തുക നല്‍കാന്‍ ഫ്ലാറ്റ് നിര്‍മാതാക്കള്‍ 20 കോടി രൂപ കെട്ടി വയ്ക്കണം. ഈ തുക നല്‍കുന്നതിനായി ഫ്ലാറ്റ് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരിപ്പിച്ച മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭാഗികമായി ഭേദഗതി വരുത്തി. സംസ്ഥാന സര്‍ക്കാര്‍പണം ഈടാക്കി ഫ്ലാറ്റ് ഉടമകള്‍ക്ക് 25 ലക്ഷംവെച്ച്‌ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകള്‍ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജിക്കാരുടെആവശ്യം കോടതി തള്ളി.

ഫ്ലാറ്റുകള്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് ഫ്‌ളാറ്റുടമകളുടെ സംഘടന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന് ഒരിഞ്ചുപോലും പുറകോട്ട് പോകില്ലെന്നും കോടതി പറഞ്ഞു.

error: Content is protected !!