മരട് ഫ്ലാറ്റ്: കേസില്‍ കക്ഷി ചേരാന്‍ ഉടമകള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് പൊളിക്കല്‍ കേസില്‍ കക്ഷി ചേരാന്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് സുപ്രീം കോടതിയുടെ അനുമതി. ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കേസില്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഉത്തരവുകള്‍ പുറപ്പടുവിക്കുന്നതെന്ന് ഫ്ലാറ്റ് ഉടമ സെസില്‍ ജോസഫ് ഇന്നലെ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

കേസില്‍ കക്ഷി ചേരാനുള്ള തങ്ങളുടെ അപേക്ഷ പോലും കോടതി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കക്ഷി ചേരാനുള്ള സെസില്‍ ജോസഫിന്‍റെ അപേക്ഷ സ്വീകരിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശിച്ചത്.

സെസില്‍ ജോസഫിന് പുറമെ കേസില്‍ കക്ഷി ചേരാന്‍ സമര്‍പ്പിക്കുന്ന മറ്റുള്ളവരുടെ അപേക്ഷയും സ്വീകരിക്കാന്‍ സുപ്രീം കോടതി രജിസ്ട്രിയോട് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. മരട് കേസിലെ ഇന്നലത്തെ കോടതി നടപടികള്‍ക്ക് ശേഷം ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ ആണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മരടിലെ ഫ്ലാറ്റ് നിര്‍മിക്കലുമായി ബന്ധപ്പെട്ട് നടന്ന ചട്ടലംഘനങ്ങളെ കുറിച്ച്‌ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തങ്ങളുമായി പങ്കുവെക്കണമെന്ന് ഫ്ലാറ്റ് ഉടമകളും നിര്‍മ്മാതാക്കളും ഉന്നയിച്ച ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. കോടതിക്ക് കൈമാറുന്ന റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഉടമകള്‍ക്കും നിര്‍മാതാക്കള്‍ക്കും കൂടി നല്‍കണം എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ അതീവരഹസ്യ സ്വഭാവം ഉള്ള രേഖകള്‍ കൈമാറേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

error: Content is protected !!