മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടണം: നിലപാട് കടുപ്പിച്ച് ശിവസേന

മുംബൈ: മുഖ്യമന്ത്രി രണ്ടു പാര്‍ട്ടികള്‍ക്കുമായി പങ്കിട്ടെടുക്കണമെന്ന് ശിവസേന നിലപാട് കടുപ്പിച്ചതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് പങ്കിട്ടെടുക്കണമെന്നും ഇക്കാര്യം രേഖമൂലം ഉറപ്പ് തരണമെന്നുമാണ് ശിവസേനയുടെ പുതിയ നിലപാട്. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറുടെ വസതിയായ മാതോശ്രീയില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ശിവസേന ഇക്കാര്യത്തില്‍ നിലപാട് കടുപ്പിച്ചത്.

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ വസതിയില്‍ നിയമസഭാ കക്ഷി യോഗം ചേര്‍ന്നിരുന്നു. ശിവസേനയിലെ 56 എം.എല്‍.എമാരും പങ്കെടുത്ത യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്.

ധാരണ അംഗീകരിച്ച്‌ ബി.ജെ.പിയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ മുതിര്‍ന്ന നേതാക്കള്‍ ഒപ്പിട്ട് നല്‍കണമെന്നാണ് ശിവസേന എം.എല്‍.എമാര്‍ ആവശ്യപ്പെട്ടത്. ഉദ്ധവ് താക്കറെ ഈ കത്ത് എഴുതി വാങ്ങുന്നത് ഉറപ്പ് വരുത്തണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ ഉറപ്പ് നല്‍കിയതാണ്. അങ്ങനെയെങ്കില്‍ ബി.ജെ.പിക്കും ശിവസേനയ്ക്കും രണ്ടര വര്‍ഷം വീതം ഭരണം നടത്താം. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം ലഭിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ഉദ്ധവ് താക്കറെ ബി.ജെ.പിയില്‍ നിന്ന് ഉറപ്പ് വാങ്ങിക്കണമെന്ന് ശിവസേന എം.എല്‍.എയായ പ്രതാപ് സര്‍നായിക്ക് ആവശ്യപ്പെട്ടു.

ഫോര്‍മുലയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശിവസേന ഉറപ്പിച്ച്‌ പറയുമ്പോഴും ബി.ജെ.പി ഇതേപ്പറ്റി ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാല്‍, സര്‍ക്കാര്‍ രൂപീകരണത്തില്‍ ആശയക്കുഴപ്പമില്ലെന്നും ബി.ജെ.പിയും ശിവസേനയും തെരഞ്ഞെടുപ്പിനെ ഒരുമിച്ച്‌ അഭിമുഖീകരിച്ചെങ്കില്‍ തങ്ങള്‍ തന്നെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബി.ജെ.പി നേതാവ് ആശിഷ് ഷേലാര്‍ പറഞ്ഞു.

error: Content is protected !!