ജാതി പറഞ്ഞ് വോട്ട് പിടുത്തം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി

ആലപ്പുഴ: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച്‌ പരാതി നല്‍കുമെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍ എസ് എസ് പരസ്യമായി പ്രചാരണത്തിനിറങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോടിയേരിയുടെ പ്രതികരണം.

ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്‍ എസ് എസിനെതിരെ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ പരിശോധിച്ച്‌ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ടിക്കാറാം മീണയുടെ ഈ നിരീക്ഷണം ശരിയാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍എസ്‌എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് പരസ്യ പ്രചാരണം നടത്തുന്നത്. കരയോഗങ്ങളുടേയും വനിതാ സമാജങ്ങളുടേയും നേതൃത്വത്തില്‍ പ്രചാരണം നടത്തി വരികയാണെന്ന് എന്‍എസ്‌എസ് നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.

error: Content is protected !!