കരമന ഭൂമി തട്ടിപ്പ്: കാര്യസ്ഥന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കരമനയിലെ ഭൂമി തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ കാര്യസ്ഥന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതിനിടെ, കരമനയിലെ കൂടത്തില്‍ കുടുംബത്തില്‍ അവസാനം മരിച്ച ജയമാധവന്‍ നായരുടെ ആന്തരികായവങ്ങളുടെ പരിശോധന ഫലം ഇന്ന് പൊലീസിന് ലഭിക്കും.

ഉമാ മന്ദിരത്തിലെ അവകാശികളുടെ ഭൂമിയുടെ എല്ലാ രേഖകളും ആവശ്യപ്പെട്ട് പുതിയ അന്വേഷണ സംഘം റവന്യൂ രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കി. ജയമാധവന്റെ അസ്വാഭാവിക മരണത്തിലാണ് ആദ്യ അന്വേഷണം നടത്തുക. മരണകാരണം വ്യക്തമാവണമെങ്കില്‍ ആന്തരിവങ്ങളുടെ പരിശോധനാഫലം കൂടി വരണമെന്നായിരുന്നു പോസ്റ്റുമോട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജി ലാബിലാണ് ആന്തരിക അവയവങ്ങള്‍ പരിശോധിക്കായി നല്‍കിയിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്ബ് നല്‍കിയ നടന്ന സംഭവത്തിലെ പരിശോധന ഫലം ഇതേ വരെ കരമന പൊലീസ് വാങ്ങിയിരുന്നില്ല.

മരിച്ചനിലയിലാണ് ജയമാധവനെ ആശുപത്രിയിലെത്തിച്ചത്. അയൽവാസികളെ പോലും അറിയിക്കാതെ രവീന്ദ്രൻ നായർ രഹസ്യമായി ജയമാധവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് നാട്ടുകാരുടെ ആരോപണം. അതേ സമയം ഉമമന്ദിരത്തിലെ അവകാശികളുടെ കൈവശമുണ്ടായിരുന്ന സ്വത്തുവിവരങ്ങള്‍ തേടി റവന്യു-രജിസ്ട്രേഷൻ വകുപ്പുകകൾക്ക് അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മീഷണർ സന്തോഷ് കുമാർ കത്തു നൽകി. ചില അകന്ന ബന്ധുക്കളും ഇടനിലക്കാരും ചേർന്ന് ഒത്തുകളിച്ച് ഭൂമി പോക്കുവരവ് ചെയ്തെടുത്തുവെന്ന സംശയം പൊലീസിനുണ്ട്.

ചില റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. അതിനാൽ രേഖകള്‍ നശിപ്പിക്കാതിരിക്കാനാണ് എല്ലാ രേഖകളും ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയത്. ചില ബന്ധുക്കള്‍ ഇപ്പോള്‍ പരാതി ഉന്നയിക്കുന്നതിന് പിന്നിലും സ്വത്തു തർക്കമെന്നാണ് പൊലീസ് നിഗമനം.

error: Content is protected !!