ബികോം തോറ്റ വിദ്യാര്‍ഥിനിക്ക് ഉന്നതപഠനം: അഡ്മിഷൻ കണ്ണൂർ സർവകലാശാല റദ്ദാക്കി

കണ്ണൂര്‍:ബിരുദപരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥിനിക്ക് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ പ്രവേശനം നല്‍കിയ നടപടി പ്രതിഷേധത്തിനൊടുവില്‍ കണ്ണൂര്‍ സര്‍വകലാശാല റദ്ദാക്കി. അനധികൃത പ്രവേശനം അന്വേഷിക്കാന്‍ രജിസ്ട്രാര്‍ തലവനായ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് മേധാവി ഡോ. വി എ വില്‍സണെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു.

നവംബര്‍ ഏഴിന് മുമ്പ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ നിര്‍ദേശം നല്‍കി. കണ്ണൂര്‍ സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദം പുറത്തുവന്നതോടെ കെഎസ്‌യു പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കെഎസ് യു പ്രവര്‍ത്തകര്‍ യൂനിവേഴ്‌സിറ്റി ആസ്ഥാനം ഉപരോധിക്കുകയും വൈസ് ചാന്‍സിലര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സര്‍വകലാശാല അധികൃതര്‍ നടപടിയെടുത്തത്.

error: Content is protected !!