ബി എസ് യെദ്യൂരപ്പയ്‌ക്കെതിരേ പരാതി നല്‍കിയ മുന്‍ വൈസ് ചാന്‍സലര്‍ കൊല്ലപ്പെട്ട നിലയില്‍

ബെംഗളൂരു: ഭൂമി അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ പരാതി നല്‍കിയ അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഡി. അയ്യപ്പ ദൊറെ കൊല്ലപ്പെട്ടനിലയില്‍. ആര്‍ ടി നഗറിലെ വീടിനുസമീപത്തെ റോഡില്‍ അജ്ഞാത സംഘത്തിന്റെ കുത്തേറ്റാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍ ടി നഗര്‍ പോലിസ് കേസെടുത്തു.

ചൊവ്വാഴ്ച രാത്രി നടക്കാനിറങ്ങിയപ്പോള്‍ കുത്തേറ്റതാണെന്നാണ് പോലിസ് സംശയിക്കുന്നത്. നടക്കാന്‍പോയശേഷം വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനുള്ള പ്രേരണ വ്യക്തമായിട്ടില്ല. സംഭവ സ്ഥലത്തെ സിസിടിവി. ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചുവരുകയാണ്.

2010ല്‍ മുഖ്യമന്ത്രിയായിരിക്കെ ബിജെപി നേതാവുകൂടിയായ യെദ്യൂരപ്പ, ഡോ. കെ ശിവരാം കാരന്ത് ലേഔട്ടിനായി സ്ഥലമേറ്റെടുത്തുള്ള വിജ്ഞാപനം നിയമവിരുദ്ധമായി റദ്ദാക്കിയെന്നാരോപിച്ചാണ് ഡോ. അയ്യപ്പ അഴിമതി നിരോധന ബ്യൂറോയില്‍ പരാതിനല്‍കിയത്. എന്നാല്‍, 2017 സെപ്റ്റംബര്‍ 22ന് കര്‍ണാടക ഹൈക്കോടതി പരാതിയിലെ അന്വേഷണം സ്‌റ്റേചെയ്തു.

നേരത്തേ ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. അയ്യപ്പ 2018ലെ നിയമസഭാതിരഞ്ഞെടുപ്പ് സമയത്ത് ‘ജന സമനയ പാര്‍ട്ടി’ രൂപീകരിച്ചിരുന്നു. പൊതുരംഗത്ത് സജീവമായ അയ്യപ്പ, കലസബന്ദൂരി ജലവിതരണപദ്ധതിക്കായി സമരവും സംഘടിപ്പിച്ചിരുന്നു.

error: Content is protected !!