പാലായില്‍ പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ജോസഫ് വിഭാഗം

കോട്ടയം: പാലായില്‍ ജോസ്.കെ. മാണി വിഭാഗത്തിനൊപ്പം ഒരുമിച്ച്‌ പ്രചാരണത്തിനിറങ്ങില്ലെന്ന് ജോസഫ് വിഭാഗം.യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു.

സമാന്തരമായി യോഗങ്ങള്‍ വിളിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ജോസഫ് വിഭാഗം അറിയിച്ചു. യുഡിഎഫ് നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കട്ടെയെന്നുമാണ് നിലപാട്.കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വെന്‍ഷനില്‍ പി.ജെ. ജോസഫിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

ജോസ് ടോമിന് വേണ്ടി സമാന്തരമായി പ്രവര്‍ത്തിക്കുമെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്ബനും അറിയിച്ചു. യു.ഡി.എഫ്.സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്തു എന്നത് ഞങ്ങള്‍ക്കേറ്റ മുറിവാണ്. യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാനില്ല. എന്നാല്‍ ജോസ് ടോം ഞങ്ങളുടെ കൂടി സ്ഥാനാര്‍ഥിയായതിനാല്‍ സമാന്തരമായി പ്രവര്‍ത്തിക്കും. പി.ജെ.ജോസഫിനെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ ഭീഷണിപ്പെടുത്തി. ജോസഫിനെതിരേ തെറിയഭിഷേകം ഉണ്ടായി. യു.ഡി.എഫ്.നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കട്ടേയെന്നും സജി മഞ്ഞക്കടമ്ബന്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

error: Content is protected !!