മാന്ദ്യം ആരംഭിച്ചത് നോട്ട് നിരോധനത്തോടെയാണെന്ന് ആര്‍.ബി.ഐ

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ഉപഭോഗത്തിലെ മാന്ദ്യം ആരംഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തോടെയാണെന്ന് ആര്‍.ബി.ഐയില്‍ ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 2016 ലെ നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഉപഭോക്തൃ വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍‍ഡ് കുത്തനെ ഇടിയുന്നതായി സെന്‍ട്രല്‍ ബാങ്കിന്റെ രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്തു. 2017 മാര്‍ച്ച്‌ അവസാനം, ഉപഭോക്തൃ ചരക്ക് വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് 20,791 കോടി രൂപയായിരുന്നു. അതിനുമുമ്ബ് കഴിഞ്ഞ ആറ് വര്‍ഷമായി നിരന്തരമായ വളര്‍ച്ചയ്ക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചിരുന്നത്. നോട്ട് നിരോധനത്തിന് ശേഷം, ഇത് കുത്തനെ താഴ്‍ന്നു തുടങ്ങി.

ഇത് ഇതുവരെ 73 ശതമാനം കുറഞ്ഞ് വെറും 5,623 കോടി രൂപയായി. 2017-18 സാമ്ബത്തിക വര്‍ഷത്തില്‍ മാത്രം ഇത് 5.2 മാണ് ഇടിഞ്ഞത്. 2018-19 ല്‍ ഇത് 68 ശതമാനം കുറഞ്ഞു. ഉപഭോക്തൃ വായ്പയുടെ ഇടിവ് ഈ വര്‍ഷവും തുടരുകയാണ്. ഇതുവരെ 10.7 ശതമാനം കുറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ വരുമാനം കുറഞ്ഞുവെന്നതാണ് കാരണങ്ങളിലൊന്ന്. വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും ഇടിവിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളതെന്നും പതിനാലാമത് ധനകാര്യ കമ്മീഷന്‍ അംഗം ഗോവിന്ദ് റാവു പറഞ്ഞു.

നോട്ട് നിരോധനത്തിന് ശേഷമാണ് മാന്ദ്യമുണ്ടാകാന്‍ തുടങ്ങിയതെന്നതിന് രണ്ടു ഘടകങ്ങളുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ പണമിടപാടില്‍ ഗുരുതര പ്രശ്നങ്ങളുണ്ടായി. ഇത് പല സംരംഭങ്ങളെയും അടച്ചുപൂട്ടലിലേക്ക് എത്തിക്കുകയും ചെയ്തു. രണ്ടാമത്തെ ഘടകം, ഇതേ വര്‍ഷം തന്നെ തൊഴിലില്ലായ്മയും രൂക്ഷമായി. ജനങ്ങളുടെ കൈകളില്‍ ഉപഭോക്തൃ ലക്ഷ്യത്തിനായി വിനിയോഗിക്കാന്‍ ആവശ്യത്തിന് പണില്ലാത്ത അവസ്ഥയുമുണ്ടായെന്ന് ഗോവിന്ദ് റാവു കൂട്ടിച്ചേര്‍ത്തു.

error: Content is protected !!