സുഷമ സ്വരാജ് : കർമ്മപഥത്തിൽ കാരുണ്യം നിറച്ച നേതാവ്


രാഷ്ട്രീയത്തിനപ്പുറത്ത് ജനഹൃദയങ്ങളിൽ ഇടം നേടിയ ചുരുക്കം ചിലർ മാത്രമേ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുള്ളൂ. അതിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന പേരാണ് സുഷമ സ്വരാജ് . മുൻ വിദേശകാര്യ മന്ത്രിയും ബിജെപിയിലെ സമുന്നത നേതാവുമായ സുഷമ സ്വരാജിന്‍റെ വേർപാടിലൂടെ രാജ്യത്തിന് നഷ്ടമായത് കരുത്തയായ, സ്നേഹ സമ്പന്നയായ, രാഷ്ട്രീയ ഇച്ഛാശക്തിയുള്ള നേതാവിനെയാണ്.

സുഷമാ സ്വരാജിന്റെ വിയോഗം തീര്‍ത്ത ശൂന്യത അത്ര പെട്ടെന്നൊന്നും ഇന്ത്യക്കാര്‍ മറക്കില്ല. അവര്‍ രാജ്യത്തിന് നല്‍കിയ ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല. ‘നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യന്‍ എംബസി സഹായത്തിനുണ്ടാകും!’ ഇത് പറഞ്ഞത് സുഷമാ സ്വരാജാണ്. ഒരു തമാശാ ട്വീറ്റിനുള്ള മറുപടിയായാണ് സുഷമയുടെ ഈ വാക്കുകളെങ്കിലും അതും സാധ്യമാവുമായിരുന്നു സുഷമാ സ്വരാജിന്. കാരണം നിരാലംബരായ ഇന്ത്യക്കാരുടേയും അതിര്‍ത്തിക്കപ്പുറമുള്ളവരുടേയും മിക്ക പ്രയാസങ്ങളും വിദേശകാര്യ മന്ത്രിയായ അവര്‍ ഞൊടിയിടെ പരിഹരിച്ചിട്ടുണ്ട്.

മോഡി സര്‍ക്കാറിൽ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ വിദേശകാര്യ മന്ത്രി എന്ന നിലയിലുള്ള സുഷമ സ്വരാജിന്റെ ഇടപെടലുകള്‍ നമുക്ക് അറിയാം…

  •  6 വര്‍ഷം പാക്ക് ജയിലില്‍ കഴിഞ്ഞ മുംബൈ സ്വദേശിയായ സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ ഹമീദ് നിഹാല്‍ അന്‍സാരി മോചിതനായതു സുഷമയുടെ മന്ത്രാലയത്തിന്റെ ഇടപെടലില്‍ ആയിരുന്നു. സുഷമയെ കെട്ടിപ്പിടിച്ചു ഹമീദിന്റെ ഉമ്മ ഫൗസിയ പറഞ്ഞു: ‘എന്റെ രാജ്യം മഹത്തരം. എന്റെ മാഡം (സുഷമ) ഏറ്റവും മഹതി.’ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ 2012 ല്‍ അഫ്ഗാനിസ്ഥാനിലൂടെ പാക്കിസ്ഥാനിലെത്തിയ ഹമീദിനെ ചാരവൃത്തി ആരോപിച്ചാണു പട്ടാളക്കോടതി 2015 ല്‍ തടവുശിക്ഷയ്ക്കു വിധിച്ചത്. മോചനത്തിനായി 96 തവണയാണു പാക്ക് സര്‍ക്കാരുമായി ബന്ധപ്പെട്ടത്.

  • സൗദിയില്‍ തൊഴിലുടമ തന്നെ അടിമയാക്കി വച്ചിരിക്കുകയാണെന്നും രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു പഞ്ചാബി യുവതിയുടെ വിഡിയോ പുറത്തുവന്നപ്പോഴും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെട്ടു. എത്രയും വേഗം ആളെ കണ്ടെത്താന്‍ സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതിക്കു മന്ത്രി നിര്‍ദേശം നല്‍കി.

  •  ഒരു വയസ്സുള്ള പാക്ക് ബാലികയ്ക്ക് ഇന്ത്യയില്‍ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ വീസ നല്‍കുമെന്നു സുഷമ വ്യക്തമാക്കിയത് 2017 ഒക്ടോബറില്‍. കുട്ടിയുടെ അമ്മയുടെ അഭ്യര്‍ഥന എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ വീസ അനുമതി നല്‍കിക്കൊണ്ടു മന്ത്രി ട്വിറ്ററില്‍ കുറിപ്പിട്ടത് സമൂഹമാധ്യമങ്ങളില്‍ തരംഗമായി.
  • ഒന്‍പതാം വയസ്സില്‍ ട്രെയിന്‍ മാറിക്കയറി പാക്കിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യക്കാരി പെണ്‍കുട്ടി 15 വര്‍ഷത്തിനുശേഷം 2015ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. രക്ഷിതാക്കളെ തേടി ഇന്ത്യയിലെത്തിയ ഗീതയെ തിരിച്ചയയ്ക്കുന്നില്ലെന്നു സുഷമ സ്വരാജ് രാജ്യത്തെ അറിയിച്ചു. ഗീത ഇന്ത്യയുടെ മകളാണ്. കുടുംബത്തെ കണ്ടുമുട്ടിയില്ലെങ്കില്‍ പോലും പാക്കിസ്ഥാനിലേക്ക് തിരിച്ചയയ്ക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ഗീതയെ സംരക്ഷിക്കുമെന്നും സുഷമ പറഞ്ഞപ്പോള്‍ ലോകം കേട്ടതു മാനവികതയുടെ ശബ്ദമായിരുന്നു.

  • കരള്‍ രോഗ ചികില്‍സയ്ക്കായി ഇന്ത്യയിലേക്കു വരാന്‍ വിസ അനുവദിച്ച സുഷമ സ്വരാജിനു പാക്കിസ്ഥാനില്‍ നിന്നുള്ള ഹിജാബ് ആസിഫ് ഹൃദയപൂര്‍വം നന്ദി പറഞ്ഞത് 2017 ജൂലൈയില്‍. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ തടസ്സങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന്, ഇക്കാര്യത്തില്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു ഹിജാബ് ട്വിറ്ററിലൂടെ സുഷമയ്ക്കു സന്ദേശമയച്ചിരുന്നു.

  •  2017 ജൂലൈയില്‍ നാലു മാസം പ്രായമുള്ള റൊഹാന്‍ എന്ന പാക്കിസ്ഥാനി ആണ്‍കുഞ്ഞിനു നോയിഡയിലെ ജേയ്പി ആശുപത്രിയില്‍ വിജയകരമായ ഹൃദയ ശസ്ത്രക്രിയ നടന്നതിനു പിന്നിലും തെളിഞ്ഞതു സുഷമയുടെ കാരുണ്യമനസ്സ്.

  •  ലോകത്തെ ഏറ്റവും ഭാരമുള്ള (500 കിലോ ) വനിത ഈജിപ്തിലെ കയ്‌റോ സ്വദേശിയായ ഇമാന്‍ അഹമ്മദിന് (36) ചികില്‍സയ്ക്കായി വിസ ലഭിക്കാനുള്ള തടസ്സങ്ങള്‍ നീക്കിയതും സുഷമയാണ്. 25 വര്‍ഷമായി കട്ടിലില്‍ കഴിഞ്ഞിരുന്ന ഇമാന്റെ ഭാരംകുറയ്ക്കാനുള്ള വെല്ലുവിളി മുംബൈയിലെ പ്രശസ്ത ബാരിയാട്രിക് സര്‍ജന്‍ ഡോ. മുഫാസല്‍ എ. ലക്ഡാവാല ഏറ്റെടുക്കുകയായിരുന്നു. വിസയ്ക്കുള്ള തടസ്സങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്തതു ശ്രദ്ധയില്‍പ്പെട്ടാണു മന്ത്രി സംഭവത്തില്‍ ഇടപെട്ടത്. ഇന്ത്യയില്‍ വെച്ച് ഭാരം കുറഞ്ഞെങ്കിലും അബുദാബിയിലെ തുടര്‍ ചികില്‍സയ്ക്കിടെ പിന്നീട് ഇമാന്‍ അന്തരിച്ചു.

  • വിസ ഏജന്റുമാര്‍ മൂന്നുലക്ഷം രൂപയ്ക്കു സ്‌പോണ്‍സര്‍ക്കു വിറ്റ ഇന്ത്യന്‍ യുവതി മുപ്പത്തൊന്‍പതുകാരി സല്‍മ ബീഗത്തെ സ്‌പോണ്‍സറില്‍നിന്നു രക്ഷപ്പെടുത്തിയതിന്റെ ക്രെഡിറ്റും സുഷമയ്ക്കാണ്. ഹൈദരാബാദിലെ ബാബ നഗര്‍ സി ബ്ലോക്കില്‍ താമസിക്കുന്ന സല്‍മ ബീഗത്തെ വീസ ഏജന്റുമാര്‍ സൗദി സ്വദേശിക്കു വിറ്റുവെന്ന മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.
  • തന്റെ സഹോദരന്‍ വിനയ് മഹാജനെ സെര്‍ബിയയില്‍ ആരോ തട്ടിക്കൊണ്ടുപോയെന്നും പണം കൊടുത്തില്ലെങ്കില്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്നും 2017 മാര്‍ച്ചില്‍ ട്വിറ്ററില്‍ രാജീവ് ശര്‍മ അറിയിച്ചു. ഉടനെ വിദേശകാര്യമന്ത്രി ഇടപെട്ടു വിനയിനെ രക്ഷിച്ചു.
  •  തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പാക്ക് പൗരന്‍ വിവാഹം ചെയ്തതിനെത്തുടര്‍ന്നു തടവിലായ ഇന്ത്യക്കാരി ഉസ്മ അഹമ്മദ് വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിയതിനു പിന്നിലും സുഷമയുടെ കരങ്ങളുണ്ടായിരുുന്നു. സ്വരാജ്യത്തേക്കു മടങ്ങിയെത്തിയ ഉസ്മയെ ‘ഇന്ത്യയുടെ മകള്‍’ എന്നു വിളിച്ചാണു സുഷമ സ്വാഗതം ചെയ്തത്.

  •  ഭീകരരുടെ പിടിയില്‍നിന്നു മലയാളി ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുന്നതിലും സുഷമ പലതവണ ഇടപെടലുകള്‍ നടത്തി.
  •  പ്രവാസികളായ പുരുഷന്മാര്‍ വിവാഹം 30 ദിവസത്തിനകം റജിസ്റ്റര്‍ ചെയ്യണമെന്നു വ്യവസ്ഥയുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചും സുഷമാ സ്വരാജ് കയ്യടി നേടി. വിവാഹം റജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ സമന്‍സ് നല്‍കി കോടതി നടപടി സ്വീകരിക്കാനും വ്യവസ്ഥ ചെയ്യുന്നതാണു ബില്‍. പ്രവാസി ഇന്ത്യക്കാരായ പുരുഷന്മാര്‍ ഇന്ത്യക്കാരിയെയോ പ്രവാസിയായ ഇന്ത്യക്കാരിയെയോ വിവാഹം ചെയ്താല്‍ ബില്ലിലെ വ്യവസ്ഥകള്‍ ബാധകമാവും. പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട വിവാഹത്തട്ടിപ്പുകള്‍ സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു റജിസ്‌ട്രേഷന്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ആഘോഷിക്കാനുള്ള പരിപാടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തീരുമാനിച്ചു. കേന്ദ്രമന്ത്രിമാരോടെല്ലാം മാധ്യമസമ്മേളനങ്ങള്‍ നടത്തി നേട്ടങ്ങള്‍ പ്രഘോഷിക്കണമെന്ന പാര്‍ട്ടി അധ്യക്ഷന്റെ നിര്‍ദേശം ഒരാള്‍ മാത്രം അവഗണിച്ചു. അവരായിരുന്നു മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാളായ സുഷമ സ്വരാജ്. മാധ്യമങ്ങളില്‍ അധികം വന്ന് മുഖം കാണിക്കാന്‍ വിമുഖത കാണിച്ചിരുന്ന സുഷമ സ്വരാജ് പക്ഷേ, തന്റെ ഉത്തരവാദിത്വത്തില്‍ സദാ വ്യാപൃതയായിരുന്നു.

ശൗര്യം കാണിക്കേണ്ടിടത്ത് ഒരിഞ്ചും അവര്‍ പിന്നോക്കം പോയിട്ടില്ല. കാനഡയില്‍ ആമസോണ്‍ വില്‍ക്കുന്ന ഒരിനം ചവിട്ടുമെത്തയില്‍ ത്രിവര്‍ണ പതാക ചിത്രീകരിച്ചിട്ടുണ്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന്, സാമൂഹിക മാധ്യമമായ ട്വിറ്ററിലൂടെ സുഷമ നടത്തിയ ആക്രമണം വലിയ ചര്‍ച്ചയായിരുന്നു. ഉല്‍പന്നം പിന്‍വലിച്ച് ഉപാധികളില്ലാതെ മാപ്പ് പറഞ്ഞില്ലെങ്കില്‍ ആമസോണിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ വീസ നല്‍കില്ലെന്നും ഇപ്പോഴുള്ള വീസകള്‍ റദ്ദാക്കുമെന്നും സുഷമ വിരട്ടി. തൊട്ടുപിന്നാലെ ആമസോണ്‍ വെബ്‌സൈറ്റില്‍നിന്ന് ഉല്‍പന്നം പിന്‍വലിച്ചു.

1970 കളില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ സുഷമ, ഡല്‍ഹി മുഖ്യമന്ത്രിയും 15ാം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവുമായി. ബിജെപിയുടെ 4 കേന്ദ്ര സര്‍ക്കാരുകളില്‍ മന്ത്രിയായ ഏക ബിജെപി നേതാവാണ്.കോണ്‍ഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. വാക്കിലും നോക്കിലും തീപ്പൊരി. 1999 ല്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ കോണ്‍ഗ്രസ് കോട്ടയില്‍ സോണിയാ ഗാന്ധിക്കെതിരെ പൊരുതി വീണു. അന്നു കന്നട പഠിച്ച്, കന്നടയില്‍ പ്രസംഗിച്ച്, ബെല്ലാരി ഉഴുതുമറിച്ചു.

25ാം വയസ്സിലായിരുന്നു ആദ്യ മത്സരം. 1977 ല്‍ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അംബാല കന്റോണ്‍മെന്റില്‍ കോണ്‍ഗ്രസിലെ ദേവ് രാജ് ആനന്ദിനെ 9,824 വോട്ടിന് തോല്‍പിച്ചു കന്നി ജയം. അന്ന് സംസ്ഥാന തൊഴില്‍മന്ത്രിയായി. രണ്ടു വട്ടം ഹരിയാന നിയമസഭയിലും ഒരു വട്ടം ഡല്‍ഹി നിയമസഭയിലും അംഗമായി. ഡല്‍ഹിയില്‍ എടുത്തു പറയാന്‍ നേതാക്കളില്ലാതിരുന്നപ്പോഴാണു ബിജെപി സുഷമയെ തലസ്ഥാനത്തേയ്ക്കു നിയോഗിച്ചത്. ലോക്‌സഭയിലേയ്ക്കു ജയിച്ചതു 4 തവണ. രാജ്യസഭാംഗമായതു 3 തവണയും. സ്വരാജ് കൗശല്‍ ഭര്‍ത്താവും ബാന്‍സുരി സ്വരാജ് മകളുമാണ്.

രാഷ്ട്രീയത്തിലും ഭരണത്തിലും മാനുഷികതയുടെ മുഖമായിരുന്നു സുഷമ സ്വരാജ്.1953 ഫെബ്രുവരി 14ന് ഹരിയാനയിലെ പാൽവാൽ എന്ന സ്ഥലത്താണ് സുഷമാ സ്വരാജ് ജനിച്ചത്. കുട്ടിക്കാലം മുതൽക്കേ മികച്ച പ്രസംഗികയായിരുന്നു.

സുഷമ സ്വരാജിന്റെ പിതാവ് ഹർദേവ് ശർമ്മ അറിയപ്പെടുന്ന ഒരു ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. സംസ്കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത സുഷമ ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു.

1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു.1977ൽ ഹരിയാനയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം.ഇതുവരെ പത്ത് തിരഞ്ഞെടുപ്പുകളിൽ സുഷമ സ്വരാജ് മത്സരിച്ചിട്ടുണ്ട്.

ഡൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ്. 1998 ഒക്ടോബർ 12 മുതൽ 1998 ഡിസംബർ മൂന്ന് വരെയാണ് അവർ ഡൽഹി മുഖ്യമന്ത്രിയായിരുന്നത്.ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്.

വിദേശകാര്യമന്ത്രിയെന്ന നിലയിൽ ആഗോള പ്രശംസ നേടിയ നേതാവാണ് സുഷമ സ്വരാജ്. പാകിസ്താനിൽ നിന്നുള്ള ബാലന് ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കിയത് വിവിധ മേഖലകളിൽ നിന്നുള്ള പ്രശംസ പിടിച്ചു പറ്റി. വിദേശത്തുള്ള ബന്ധുക്കൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ട്വിറ്റർ വഴി സമീപിച്ചവരെയൊക്കെ സുഷമയുടെ ഇടപെടൽ സഹായകരമായിരുന്നു.ബി.ജെ.പിക്കെതിരെ ആരോപണങ്ങൾ ഉയർന്നു വന്നപ്പോഴും പാർട്ടിയിലെ ജനകീയ മുഖമായിരുന്നു സുഷമ.

error: Content is protected !!