സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് നാളെ രണ്ടിടത്തും

അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ എറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 88 പേരാണ് മരിച്ചത്. കവളപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കവളപ്പാറ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 20 ആയി. 63 പേർ ഇനിയും മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നിട്ടുണ്ട്. ഒരിഞ്ച് വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്.

അതേ സമയം നേരിയ തോതിൽ മാത്രമാണ് വെള്ളം തുറന്നു വിടുന്നതെന്നും നെയ്യാറിന്റെ തീരത്തുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴ പെയ്താൽ അണക്കെട്ട് പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നും കളക്ടർ അറിയിച്ചു. നിലവിൽ സംഭരണ ശേഷിയുടെ 85 ശതമാനം ജലമാണ് നെയ്യാർഡാമിലുള്ളത്. 84.75 മീറ്ററാണ് നെയ്യാർ ഡാമിന്റെ സംഭരണ ശേഷി. 82.12 മീറ്റർ ആണ് ഇപ്പോഴത്തെ ജലനിരപ്പ്.

error: Content is protected !!