എച്ച് ഐ വി ബാധിതര്‍ക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്; പോഷകാഹാര കിറ്റ് വിതരണം ചെയ്തു.

എച്ച് ഐ വി ബാധിതര്‍ക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്. പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ഓരോ എയ്ഡ്‌സ് രോഗബാധിതരും സമൂഹത്തില്‍ തനിച്ചല്ല എന്ന ഉറച്ച വിശ്വാസത്തോടെ മാനസികധൈര്യം കൈവിടാതെ ജീവിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. എച്ച് ഐ വി/എയ്ഡ്‌സ് ബാധിതര്‍ക്കുള്ള സമഗ്ര പ്രതിരോധ പോഷകാഹാര പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള പോഷകാഹാര കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗബാധിതരായവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടു വരിക എന്നത് നാം ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ജില്ലയില്‍ എച്ച്‌ഐവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും എച്ച്‌ഐവി ബാധിതരെ കണ്ടെത്തി അവരുടെ സാമൂഹികവും സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ എട്ട് വര്‍ഷമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന പദ്ധതിയാണ് സമഗ്ര പ്രതിരോധ പോഷകാഹാര പുനരധിവാസ പദ്ധതി. ഇതുവഴി സി ഡി 4 കൗണ്ട് കുറഞ്ഞ ആളുകള്‍ക്ക് പോഷകാഹാരം നല്‍കുകയും ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുന്നതിലൂടെ അവരെ എയ്ഡ്‌സ് രോഗിയായി മാറുന്നതില്‍ നിന്നും രക്ഷപ്പെടുത്താനും രോഗപ്രതിരോധ ശേഷിയും ആയുര്‍ദൈര്‍ഘ്യവും വര്‍ദ്ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള എച്ച്‌ഐവി ബാധിതരില്‍ നിന്നും അര്‍ഹരായ 275 പേര്‍ക്കാണ് എല്ലാ മാസവും പോഷകാഹാര കിറ്റ് വിതണം ചെയ്യുന്നത്. കടല, ആട്ട, ചെറുപയര്‍, ഗ്രീന്‍പീസ്, തുവരപ്പരിപ്പ്, വെല്ലം, ഉഴുന്നുപരിപ്പ്, ഈന്തപ്പഴം, അവില്‍, സോയാചങ്ക്‌സ് എന്നിവയാണ് ഒരു കിറ്റിലുള്ളത്. ഈ വര്‍ഷം എച്ച് ഐ വി/എയ്ഡഡ് ബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ദതിക്കായി 30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എ ഡി എം ഇ മുഹമ്മദ് യൂസുഫ് മുഖ്യാതിഥിയായിരുന്നു.  ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ ബി സന്തോഷ് പദ്ധതി വിശദീകരിച്ചു.  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ പി ജയബാലന്‍, ടി ടി റംല, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സുനില്‍ ദത്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You may have missed

error: Content is protected !!