നെയ്മര്‍ക്കെതിരായ ബലാത്സംഗകേസില്‍ അന്വേഷണം അവസാനിപ്പിച്ചു

ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ക്കെതിരായ ബലാത്സംഗകേസില്‍ അന്വേഷണം അവസാനിപ്പിച്ചു. തെളിവുകളുടെ അഭാവത്തിലാണ് തീരുമാനം. അതേസമയം, നെയ്മറിനെ ബാഴ്‌സലോണക്ക് കൈമാറാന്‍ തല്‍ക്കാലം തീരുമാനിച്ചിട്ടില്ലെന്ന് പി.എസ്.ജി അറിയിച്ചു.

കേസ് സംബന്ധിച്ച വിശദാംശം പൊലീസ് നല്‍കിയിട്ടുണ്ട്. സാവോ പോളോ അറ്റോണി ജനറലിന്റെ ഓഫീസ് രണ്ടാഴ്ചക്കുള്ളില്‍ കേസ് സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തും. തുടര്‍ന്നാകും കോടതി വിധി. പൊലീസ് റിപ്പോര്‍ട്ടിനെ കോടതി മുഖവിലക്കെടുത്തേക്കും. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് തൊട്ടുമുമ്പാണ് താരത്തിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നത്.

പാരീസിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി യുവതി രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയെയും നെയ്മറിനെയും ചോദ്യം ചെയ്യുകയുമുണ്ടായി. പണത്തിന് വേണ്ടി യുവതി ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നാണ് നെയ്മറിന്റെ പിതാവിന്റെ പ്രതികരണം. കേസില്‍ കാര്യമായ തെളിവ് എന്നാല്‍ അന്വേഷണസംഘത്തിന് ലഭിച്ചില്ല.

അതേസമയം നെയ്മറിന്റെ ക്ലബ്ബ് മാറ്റത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തുടരുകയാണ്. ബാഴ്‌സലോണയിലേക്ക് തിരികെ പോകാന്‍ നെയ്മറിന് ആഹ്രമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭീമമായ തുകക്ക് മാത്രമേ ബാഴ്‌സക്ക് കൈമാറൂ എന്ന് പി.എസ്.ജി അറിയിച്ചതായും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, തല്‍ക്കാലം നെയ്മറിനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് പി.എസ്.ജി അറിയിച്ചതായാണ് ഒടുവിലുള്ള റിപ്പോര്‍ട്ട്. പരിക്കിന് ശേഷം ഗ്രൗണ്ടില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നെയ്മര്‍.

error: Content is protected !!