യുപിയില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ സംഘര്‍ഷം; 9 പേര്‍ വെടിയേറ്റു മരിച്ചു; 25 പേര്‍ക്ക് പരിക്ക്.

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സോനാഭദ്ര ജില്ലയില്‍ ഭൂമി തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതിനെത്തുടര്‍ന്ന് ഒമ്പതു ഗ്രാമവാസികള്‍ വെടിയേറ്റു മരിച്ചു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. സോനാഭദ്രയിലെ ഗോപാവല്‍ ഉബ്ബ ഗ്രാമത്തിലായിരുന്നു സംഭവം. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തതായി പോലിസ് അറിയിച്ചു. രണ്ടുവര്‍ഷം മുമ്പ് ഗ്രാമമുഖ്യന്‍ ഇവിടെ 90 സ്‌ക്വയര്‍ അടി സ്ഥലം വാങ്ങിയിരുന്നു. ഇന്ന് ഗ്രാമമുഖ്യനും കൂട്ടാളികളും ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയപ്പോള്‍ ഗ്രാമവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു.

ഇരുകൂട്ടരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാവുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. തുടര്‍ന്നുണ്ടായ വെടിവയ്പ്പിലാണ് നാല് സ്ത്രീകള്‍ ഉള്‍പ്പടെ ഒമ്പത് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ചികില്‍സ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോനാഭദ്ര ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനും കുറ്റക്കാര്‍ക്കെതിരേ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും ഡിജിപിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

error: Content is protected !!