കനത്ത മഴ: അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; മലയോര മേഖലയിലേക്ക് യാത്രാവിലക്ക്.

തിരുവനന്തപുരം: രണ്ടു ദിവസമായി പെയ്യുന്ന മഴ അടുത്ത ദിവസങ്ങളില്‍ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷാ തീരത്തിനു സമീപം രൂപംകൊള്ളുന്ന ന്യൂനമര്‍ദം ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. ശക്തമായ ന്യൂനമര്‍ദം മഴയെ പേമാരിയാക്കും.

ഒറ്റപ്പെട്ടാണെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി എല്ലാ ജില്ലയിലും മഴ കിട്ടുന്നുണ്ട്. ഇതു വരുംദിവസങ്ങളില്‍ ശക്തമാകും. 20 സെ.മീയില്‍ കൂടുതല്‍ മഴയ്ക്കു സാധ്യതയുള്ള ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്നലെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മലയോര മേഖലകളിലേക്ക് യാത്രാവിലക്കുമുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കിയിലും 21-ന് കണ്ണൂരിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ അതിതീവ്ര (24 മണിക്കൂറില്‍ 204 മില്ലി മീറ്ററിലധികം) മഴയ്ക്കു സാധ്യതയുണ്ട്്. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും നാളെ എറണാകുളം ജില്ലയിലും 21-ന് ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലെര്‍ട്ടാണ്.

ഇന്നു തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും 21-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും 22-ന് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മുന്നറിയിപ്പുണ്ട്. പ്രളയസാധ്യതയുള്ളതും കഴിഞ്ഞ പ്രളയത്തില്‍ മുങ്ങിപ്പോയതുമായ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.

വടക്കുപടിഞ്ഞാറന്‍ ദിശയില്‍നിന്നു മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗത്തില്‍ കാറ്റുവീശാനിടയുള്ള കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നാലു ദിവസത്തേക്ക് മത്സ്യബന്ധനത്തിനു പോകരുതെന്നു നിര്‍ദേശമുണ്ട്. മാലദ്വീപ്, കന്യാകുമാരി തീരം, മന്നാര്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും.

error: Content is protected !!