അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കും

എ.പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ തീരുമാനമായി. ഇതു സംബന്ധിച്ചുള്ള കെപിസിസി നിർദേശം എഐസിസി അംഗീകരിച്ചു. നടപടി കെപിസിസി ഈ ആഴ്ച തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് അബ്ദുള്ളക്കുട്ടിയോട് കെപിസിസി വിശദീകരണം തേടിയിരുന്നു. കണ്ണൂർ ഡിസിസി നൽകിയ പരാതിയെ തുടർന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടിയത്.

അബ്ദുള്ളക്കുട്ടിക്കെതിരെ നടപടി വേണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെപിസിസി അധ്യക്ഷൻ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടർന്ന് ചാനൽ ചർച്ചയിൽ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ ശ്രമം നടക്കുന്നതായും ഇതിന് പിന്നിൽ കെ സുധാകരനും സതീശൻ പാച്ചേനിയുമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു . കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് തന്നോട് വ്യക്തി വിരോധമാണെന്നും ചർച്ചയിൽ അബ്‌ദുള്ളക്കുട്ടി പരാമർശിച്ചു .ഈ പരാമർശങ്ങൾക്ക് തൊട്ടു പിന്നാലെയാണ് അബ്ദുള്ളക്കുട്ടിക്കെതിരെ പെട്ടെന്നുള്ള നടപടിക്ക് കെപിസിസി നീക്കം ആരംഭിച്ചത്. പാർട്ടിക്കെതിരെ അബ്ദുള്ളക്കുട്ടി പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സസ്‌പെൻഷൻ പോലെയുള്ള നടപടികളിലേക്ക് നീങ്ങാതെ നേരിട്ട് പുറത്താക്കാൻ എഐസിസി തീരുമാനമെടുത്തിരിക്കുന്നത്.

error: Content is protected !!