കാലവര്‍ഷം: കണ്ണൂര്‍ ജില്ലയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാനും ബോര്‍ഡുകള്‍ നീക്കാനും നിര്‍ദ്ദേശം

ശക്തമായ കാറ്റിലും മഴയിലും കടപുഴകാനോ പൊട്ടിവീഴാനോ സാധ്യതയുള്ള പൊതു-സ്വകാര്യ സ്ഥലങ്ങളിലെ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റുകയും ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവ നീക്കുകയും ചെയ്യാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഭൂമിയിലെ അപകടാവസ്ഥയിലായ മരങ്ങളും മറ്റും കണ്ടെത്തി നീക്കം ചെയ്യേണ്ടത് ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലയാണ്. സ്വകാര്യ ഭൂമിയിലുള്ള മരങ്ങളും മറ്റും ഭൂമിയുടെ ഉടമയാണ് മുറിച്ചു മാറ്റേണ്ടത്. അല്ലാത്ത പക്ഷം ഇതുമൂലമുണ്ടാവുന്ന അപകടത്തിന് അവര്‍ ഉത്തരവാദികളാവുമെന്നും നഷ്ടപരിഹാരം നല്‍കാന്‍ ഉള്‍പ്പെടെ അവര്‍ക്ക് ബാധ്യതയുണ്ടായിരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്.

മരങ്ങളും മരച്ചില്ലകളും അപകടകരമാണോ എന്ന് തദ്ദേശ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, വനം റേഞ്ച് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന പ്രാദേശിക സമിതികളാണ് തീരുമാനിക്കുക. ഇവരുടെ ശുപാര്‍ശ പ്രകാരം അടിയന്തരമായി നീക്കേണ്ട മരങ്ങളും മറ്റും മുറിച്ചുമാറ്റാന്‍ ജില്ലാ കലക്ടറാണ് അനുമതി നല്‍കുക. അടിയന്തരമല്ലാത്ത സാഹചര്യങ്ങളില്‍ വനംവകുപ്പിന്റെ കീഴിലുള്ള പ്രാദേശിക ട്രീ കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ മരം മുറിക്കാന്‍ പാടുള്ളൂ.

ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ഹോര്‍ഡിംഗുകളുടെ ബലം പരിശോധിച്ച് കാറ്റില്‍ മറിഞ്ഞുവീഴില്ലെന്ന് ഉറപ്പുവരുത്താനും ബലമില്ലാത്തവ മാറ്റാനും ബന്ധപ്പെട്ട പരസ്യ സ്ഥാപനങ്ങള്‍ക്കും യോഗം നിര്‍ദ്ദേശം നല്‍കി. റോഡരികുകളിലെ അപകടാവസ്ഥയിലുള്ള കമാനങ്ങള്‍, ബോര്‍ഡുകള്‍, കൊടികള്‍, തോരണങ്ങള്‍ തുടങ്ങിയവയും ബന്ധപ്പെട്ടവര്‍ അടിയന്തരമായി നീക്കം ചെയ്യണം. ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് സസൂക്ഷ്മം നിരീക്ഷിച്ച് ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജലസേചന വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. കടല്‍ക്ഷോഭത്തില്‍ കടല്‍ഭിത്തികള്‍ തകരാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കനാലുകള്‍, നീര്‍ച്ചാലുകള്‍, പുഴകള്‍ എന്നിവ തടസ്സരഹിതമാണെന്ന് ഉറപ്പുവരുത്തണം.

പാറമടകളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇവിടങ്ങളിലെ കുളങ്ങള്‍ക്കു ചുറ്റും ഉറപ്പും ഉയരവുമുള്ള കമ്പിവേലിയോ മതിലോ മറ്റോ സ്ഥാപിക്കണമെന്ന് പാറമട ഉടമകള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തനം നിലച്ച പാറമടകളിലും ഇത് ഏര്‍പ്പെടുത്തണം. എല്ലാ ആശുപത്രികളിലെയും സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാണെന്ന് അഗ്‌നി സുരക്ഷാ വകുപ്പിന്റെ സഹായത്തോടെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. അടിയന്തര ഘട്ടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തണം.

റോഡരികുകളിലും കടത്തിണ്ണകളിലും ബസ് സ്റ്റാന്റുകളിലും മറ്റും അന്തിയുറങ്ങുന്ന ആളുകള്‍ക്ക് മഴക്കാലത്ത് രാത്രി താമസത്തിനും ഭക്ഷണത്തിനുമുള്ള സംവിധാനം തദ്ദേശ സ്ഥാപനങ്ങള്‍ സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് ഒരുക്കണം. ദുരന്തവേളകളില്‍ അടിയന്തര സഹായം ലഭ്യമാക്കുന്നതിന് തങ്ങളുടെ പ്രദേശങ്ങളിലുള്ള അംഗപരിമിതരുടെ പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തഹസില്‍ദാര്‍മാര്‍ക്ക് കൈമാറണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ വാട്ട്സ്ആപ്പ് വഴി ഇവര്‍ക്ക് അടിയന്തര സന്ദേശങ്ങള്‍ കൈമാറാന്‍ സംവിധാനം ഒരുക്കണം.

ദുരന്ത പ്രദേശങ്ങളില്‍ സന്ദര്‍ശനാര്‍ഥവും സെല്‍ഫി എടുക്കാനും മറ്റും ആളുകള്‍ പോകുന്നത് ഒഴിവാക്കണം. മഴ ശക്തമാകുന്ന വേളകളില്‍ ബീച്ചുകളിലും വനമ്പ്രദേശങ്ങളിലും ആളുകള്‍ സന്ദര്‍ശനം നടത്തരുതെന്നും യോഗം നിര്‍ദ്ദേശിച്ചു. മഴക്കെടുതികളെയും പകര്‍ച്ച വ്യാധികളെയും നേരിടുന്നതിന് എല്ലാ വകുപ്പുകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ വകുപ്പും പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോ-ചെയര്‍മാനും ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഡിവിഷനല്‍ ഓഫീസര്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, ജില്ലാ പോലിസ് മേധാവി എന്നിവര്‍ അംഗങ്ങളാണ്.

error: Content is protected !!