പൊതു വിദ്യാലയങ്ങളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; പുതുതായെത്തിയത് 1.63 ലക്ഷം കുട്ടികള്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഈ അക്കാദമി വര്‍ഷത്തില്‍ 1.63 ലക്ഷം വിദ്യാര്‍ഥികള്‍ പുതുതായി പ്രവേശനം നേടി. അതേസമയം, അണ്‍എയ്ഡഡ് മേഖലയില്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 38,000 ലധികം കുട്ടികളുടെ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ മേഖലയില്‍ 11.69 ലക്ഷവും എയ്ഡഡ് മേഖലയില്‍ 21.58 ലക്ഷവും അണ്‍ എയ്ഡഡ് മേഖലയില്‍ 3.89 ലക്ഷവുമായി മൊത്തം 37.16 ലക്ഷം കുട്ടികളാണ് ഇത്തവണ വിവിധ വിദ്യാലയങ്ങളിലെത്തിയത്. അഞ്ചാം ക്ലാസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പുതുതായി ചേര്‍ന്നത്. 44,636 കുട്ടികളാണ് അഞ്ചാം ക്ലാസില്‍ പുതിയതായെത്തിയത്. എട്ടാം ക്ലാസില്‍ 38,492 വിദ്യാര്‍ഥികളുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എല്‍ ഡി എഫ് സര്‍ക്കാറിന് കീഴില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചതിനു ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 4.93 ലക്ഷം വിദ്യാര്‍ഥികളാണ് പൊതു വിദ്യാലയങ്ങളില്‍ പുതിയതായി പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷം 1.85 ലക്ഷം കുട്ടികള്‍ അധികമെത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ‘സമ്പൂര്‍ണ’യിലാണ് കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ വിശകലനം നടത്തിയ ശേഷം കണക്ക് ഔദ്യോഗികമായി പിന്നീട് പ്രസിദ്ധീകരിക്കും.

error: Content is protected !!