സൗദി വിമാനത്താവളത്തിന് നേരെ ഹൂത്തി ആക്രമണം; 26 പേര്‍ക്കു പരിക്ക്.

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേര്‍ക്ക് യമനിലെ ഹൂത്തി വിമതരുടെ ആക്രമണം. സംഭവത്തില്‍ വിമാനത്താവളത്തിലെ അറൈവല്‍ ഹാളിലുണ്ടായിരുന്ന 26 പേര്‍ക്ക് പരിക്കേറ്റതായി സൗദി സഖ്യസേന അറിയിച്ചു. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വ്യത്യസ്ത രാജ്യക്കാരുണ്ടെന്നും ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ ഏത് തരത്തിലുള്ള മിസൈലാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ലെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഹൂത്തികള്‍ക്ക് ഇറാനില്‍ നിന്ന് ആധുനിക ആയുധങ്ങള്‍ ലഭിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ ആക്രമണമെന്ന് സഖ്യസേന ആരോപിച്ചു. അതേ സമയം, ക്രൂയിസ് മിസൈലാണ് ഉപയോഗിച്ചതെന്ന് ഹൂത്തികളുമായി ബന്ധമുള്ള മസീറ ടിവി റിപോര്‍ട്ട് ചെയ്തു.

ഹൂത്തികളുടെ മിസൈല്‍ ശേഷിയെ തകര്‍ക്കാനുള്ള സഖ്യസേനയുടെ ശ്രമം പരാജയപ്പെട്ടതായാണ് സംഭവം തെളിയിക്കുന്നതെന്ന് അല്‍ജസീറ റിപോര്‍ട്ടില്‍ പറയുന്നു. ഹൂത്തികളെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ കഴിഞ്ഞ നാല് വര്‍ഷമായി യമന്റെ തലസ്ഥാനത്ത് ഉള്‍പ്പെടെ വ്യോമാക്രമണം തുടരുകയാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന. വിവാഹ പാര്‍ട്ടികളും സംസ്‌കാര ചടങ്ങുകളും ആശുപത്രികളും ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടിരുന്നു. 2014ല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതിനകം പതിനായിരിക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

error: Content is protected !!