ലോകകപ്പില്‍ ഇന്ന് ക്രിക്കറ്റിലെ എല്‍ക്ലാസിക്കോ; ഇന്ത്യാ- ഓസ്‌ട്രേലിയ മല്‍സരം ഉച്ചയ്ക്ക് മൂന്നുമണിക്ക്.

ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പില്‍ കിരീട ഫേവറിറ്റുകളായ കരുത്തരായ ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് ഏറ്റുമുട്ടും. ശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള കംഗാരുപ്പടയെ നേരിടാന്‍ കോഹ്ലിയും സംഘവുമെത്തുന്നത്. മറുവശത്ത് വെസ്റ്റിന്‍ഡീസിനെതിരേ തോറ്റെന്ന് കരുതിയ മല്‍സരം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഓസീസ്. ചുരുക്കത്തില്‍ ഇടുടീമുകള്‍ക്കും ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല. കെന്നിങ്ടണ്‍ ഓവലില്‍ ഇന്ത്യന്‍ സമയം മൂന്നു മണിക്കാണ് മത്സരം തുടങ്ങുന്നത്.

കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിലെ ടീമിനേറ്റ തോല്‍വിയുടെ കണക്ക് തീര്‍ക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഇന്ന് ഉറ്റുനോക്കുന്നത്. 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ വീഴ്ത്തി ഇന്ത്യ കിരീടം ചൂടിയപ്പോള്‍, 2015 ലെ സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയ കങ്കാരുക്കളും കിരീടം ചൂടി. അന്നത്തെ പരാജയത്തിന് മധുരപ്രതികാരം തീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇന്ന് കോഹ്ലിയുടെ ടീമിന് വന്നെത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിച്ച ടീമില്‍ നിന്ന് പരമാവധി രണ്ടു മാറ്റങ്ങളാണ് ഇന്ത്യ വരുത്താന്‍ സാധ്യതയുള്ളത്. ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമി കളിച്ചേക്കും. പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചില്‍ കേദാര്‍ ജാദവിന് പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലെ അതേ ടീമിനെയാകും ഓസ്‌ട്രേലിയ അണിനിരത്തു.

ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഓസീസിന് മുന്നില്‍ അത്ര നല്ല റെക്കോര്‍ഡല്ല ഇന്ത്യയ്ക്കുള്ളത്. ലോകകപ്പില്‍ ഇതുവരെ പതിനൊന്നു തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ എട്ടു തവണയും കങ്കാരുക്കളായിരുന്നു വിജയിച്ചത്.

ഇന്നു വൈകിട്ട് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലണ്ടനില്‍ എത്തിയ ഇന്ത്യന്‍ ടീമിന് വെള്ളിയാഴ്ച ആദ്യ പരിശീലനം നടത്താനായിരുന്നില്ല. മഴ കനത്തതോടെ അധികൃതര്‍ ഗ്രൗണ്ട് മൂടി. ഇതോടെ ഹോട്ടല്‍ മുറിയില്‍ സമയം കളയുകയായിരുന്നു താരങ്ങള്‍. ഇന്നും മഴ ശക്തമായാല്‍ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം തടസപ്പെടും. പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു.

error: Content is protected !!