മട്ടന്നൂരില്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ നിര്‍മിക്കാൻ അനുമതിയായി.

കണ്ണൂര്‍: മട്ടന്നൂരില്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതിയായി. കുടക് – മട്ടന്നൂര്‍ അന്തര്‍ സംസ്ഥാന പാതയരികില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപത്താണ് ഹോസ്പിറ്റല്‍ വരുന്നത്. പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് വിട്ടു കിട്ടിയ മൂന്നേക്കര്‍ സ്ഥലത്താണ് ഹോസ്പിറ്റല്‍ വരുന്നത്. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ സര്‍ക്കാര്‍ അനുമതി ലഭിച്ച കാര്യം വ്യക്തമാക്കിയത്.

ഹോസ്പിറ്റലിന്റെ ആദ്യഘട്ട പ്രവര്‍ത്തനത്തിന് 71.50 കോടി രൂപ ചെലവഴിക്കുന്നതിന് ഇപ്പോള്‍ കിഫ്ബി അംഗീകാരം നല്‍കി. കണ്ണൂര്‍ വിമാനത്താവളം
നിലവില്‍ വന്ന പശ്ചാത്തലത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മട്ടന്നൂരില്‍ വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ ആവശ്യം പരിശോധിച്ച് കഴിഞ്ഞാണ് ഹോസ്പിറ്റലിന് വേണ്ടി ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ നിലവിലുള്ള ഗവ. ആശുപത്രിയുടെ പ്രവര്‍ത്തനം അവിടേക്ക് മാറും. എല്ലാവിഭാഗങ്ങളിലുമുള്ള വിദഗ്ധഡോക്ടര്‍മാരുടെ സേവനവും ലഭിക്കുന്ന നൂറ് കിടക്കകളുമുള്ള ആശുപത്രി നിര്‍മിക്കാനാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സാങ്കേതിക നടപടികളും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ച് ഉടന്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കും. ചിറകു മുളച്ച കണ്ണൂരിന് ഇരട്ടി മധുരം നല്‍കുന്നതാണ് ഇപ്പോഴത്തെ ഈ പദ്ധതി.

error: Content is protected !!