ബക്കളത്തെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; അന്വേഷിക്കാന്‍ പ്രത്യേക സംഘം.

തിരുവനന്തപുരം: കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘത്തിന് രൂപം നൽകി. ഒരാഴ്ചക്കുള്ളിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തദ്ദേശ സ്വയമഭരണ വകുപ്പ് മന്ത്രി നിർദ്ദേശം നൽകി. സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചില്ലെന്നും ചെറിയ മാറ്റങ്ങൾ വരുത്താനാണ് നിർദ്ദേശിച്ചതെന്നും ആന്തൂർ നഗരസഭാ ഉദ്യോഗസ്ഥർ വിശദീകരിച്ചു. നഗരസഭയിലെ എഞ്ചിനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് മന്ത്രിയോട് ഇക്കാര്യം വിശദീകരിച്ചത്.

സംഭവത്തിൽ ഉദ്യോഗസ്ഥരോട് മന്ത്രി എ.സി മൊയ്തീൻ രൂക്ഷമായാണ് പ്രതികരിച്ചത്. ഇത്തരം വിഷയങ്ങളിൽ മാനുഷികമായ വശം കൂടി പരിഗണിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ കെട്ടിടത്തിന് അനുമതി നിഷേധിച്ചില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. അന്തിമ പരിശോധനയിൽ ചില ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. അതിനാൽ പ്ലാനിൽ ചില മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ചിരുന്നു. പ്ലാനിൽ മാറ്റം വരുത്തിയതിനുശേഷം കെട്ടിടത്തിന് അനുമതി നൽകാനാണ് ഫയലിൽ എഴുതിയതെന്നും ഉദ്യോഗസ്ഥർ മന്ത്രിയോട് വിശദീകരിച്ചു.

error: Content is protected !!