കുറ്റ്യാടിയില്‍ ഗ്ലാസ് അട്ടി മറിഞ്ഞുവീണ് കടയുടമ മരിച്ചു.

കുറ്റ്യാടി: ടൗണിൽ ഗ്ലാസ് കടയിലെ ചില്ല് ശേഖരം മറിഞ്ഞ് ദേഹത്ത് വീണ് ഉള്ളിൽ പെട്ട് ഉടമക്ക് ദാരുണ മരണം. വയനാട് റോഡിൽ പെട്രോൾ പമ്പിനു സമീപത്തെ വി.ടി. ഗ്ലാസ്സ് മാർട്ടിലുണ്ടായ അപകടത്തിൽ ചെറിയ കുമ്പളം വടക്കത്താഴ വി.ടി. ജമാലാണ് (49) മരിച്ചത്. സമീപമുണ്ടായിരുന്ന മകൻ പരിക്കുകളോടെ രക്ഷപെട്ടു. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. ഓർഡർ പ്രകാരം മുറിച്ചു കൊടുക്കാൻ ഇരുമ്പു റാക്കിനുള്ളിൽ അട്ടിയിട്ട ഗ്ലാസ് വലിച്ചെടുക്കുന്നതിനിടയിൽ തട്ട് തകർന്ന് മുഴുവൻ ഗ്ലാസുകളും ദേഹത്ത് വീഴുകയായിരുന്നു.

ഓടിക്കൂടിയവർ ക്വിൻറൽ കണക്കിൽ ഭാരമുള്ള ചില്ല് ശേഖരം എടുത്ത് മാറ്റാൻ കഴിയാതെ നിസ്സഹായരായി. ചില്ല് മുറിക്കുന്ന മേശക്കും ഗ്ലാസുകൾക്കുമിടയിലാണ് ശരീരം കുടുങ്ങിക്കിടന്നത്. നാദാപുരത്ത് നിന്നെത്തിയ അഗ്നിശമന സേനയുടെ സഹായത്തോടെ ഒരു മണിക്കൂർ പ്രയത്നിച്ചാണ് ജമാലിനെ പുറത്തെടുത്തത്. രക്ഷാ പ്രവർത്തനം നടത്തിയ പലർക്കും ഉടഞ്ഞ ചില്ല് കൊണ്ട് മുറിവേറ്റു. ഉടൻ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാലിന് മുറിവേറ്റ മകൻ ജംഷീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമാലിന്‍റെ പിതാവ് ഇബ്രാഹിം. മാതാവ്: അയിശു. ഭാര്യ: ഷക്കീല (കക്കട്ടിൽ). മക്കൾ: ജംഷീർ, ജസ്മൽ, ജയ്സൽ, ശാമിൽ, ഫാത്തിമ സിയ (വിദ്യാർഥി കുറ്റ്യാടി ഗവ. ഹൈസ്കൂൾ). മരുമക്കൾ: അഫ്റ (വടയം), ഫാസില (കൂട്ടാലിട), ഷംന (കുറ്റ്യാടി). സഹോദരങ്ങൾ: സുബൈദ, സൗദ, ബുഷ്റ, സാറ, സമീറ.

error: Content is protected !!