കണ്ണൂര്‍ ചാലയില്‍ അപകടങ്ങള്‍ കൂടുന്നു; എ ഡി എമ്മിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

ചാല അമ്പലം സ്റ്റോപ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കോര്‍പ്പറേഷനും കെ എസ് ഇ ബി അധികൃതര്‍ക്കും എ ഡി എം ഇ മുഹമ്മദ് യൂസുഫ് നിര്‍ദേശം നല്‍കി. ചാലയിലെ വാഹനാപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി എ ഡി എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.

ചാല സ്റ്റേഷന്‍ സ്റ്റോപ്പ് മുതല്‍ ചാല അമ്പലം വരെയുള്ള സ്ഥലങ്ങളില്‍ ലോമാസ്റ്റ് ലൈറ്റ് ഉള്‍പ്പെടെയുള്ള സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനാണ് എ ഡി എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതോടൊപ്പം ഡിവൈഡര്‍ പുതുക്കി പണിയുന്നതുവരെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി റിഫ്ളക്ടീവ് കോണ്‍, സ്പ്രിംഗ് പോസ്റ്റ് തുടങ്ങിയവയും സ്ഥാപിക്കും.

ചാല റോഡിലെ വളവും വെളിച്ചക്കുറവും കാരണം നിലവില്‍ തകര്‍ന്ന് നില്‍ക്കുന്ന ഡിവൈഡര്‍ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന പരാതിയെ തുടര്‍ന്നാണ് എ ഡി എമ്മിന്റെ നിര്‍ദേശം. ചാല പാലത്തിലേക്ക് വളര്‍ന്ന് നില്‍ക്കുന്ന കാടുകള്‍ വെട്ടിത്തെളിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കൂടാതെ ജില്ലയില്‍ മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അപകടകരമായ രീതിയില്‍ റോഡിലേക്ക് വളര്‍ന്ന് നില്‍ക്കുന്ന മുഴുവന്‍ കാടുകളും വെട്ടിത്തെളിക്കും. പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റോഡ്സ് കെ ജിഷാ കുമാരി, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!