കണ്ണൂര്‍ ചിന്മയ മിഷന്‍ വനിത കോളേജില്‍ കോഷന്‍ ഡെപ്പോസിറ്റ് തിരിച്ചു ചോദിച്ചതിന് കോണ്‍ഡാക്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കി.

കോഷൻ ഡെപ്പോസിറ്റ് തിരിച്ചു നൽകാത്തത് ചോദ്യം ചെയ്ത വിദ്യാർഥിനികളുടെ കോൺഡക്ട് സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചു. ഒടുവിൽ നൽകിയതാകട്ടെ നിയമപരമായി സാധുതയില്ലാത്ത സർട്ടിഫിക്കറ്റ്.

കണ്ണൂർ തളാപ്പ് ചിന്മയ മിഷൻ വനിതാ കോളേജിലാണ് സംഭവം. 3000 രുപയായിരുന്നു കോഷൻ ഡിപ്പോസിറ്റ് തിരിച്ചു നൽകേണ്ടിയിരുന്നത്. എന്നാൽ 3000 രുപ നൽകുന്നുവെന്ന് വൗച്ചർ എഴുതിച്ച് 2800 രൂപ മാത്രമാണ് നൽകിയത്. ഇത് വിദ്യാർത്ഥിനികൾ ചോദ്യം ചെയ്തു. ഓഫീസ് മാനേജരും പ്രിൻസിപ്പലും വിദ്യാർത്ഥിനികളോട് കയർത്ത് മോശം ഭാഷയിൽ സംസാരിക്കുകയും ചോദ്യം ചെയ്ത വിദ്യാർത്ഥിനികളുടെ കോൺഡക്ട് സർട്ടിഫിക്കറ്റ് തിരിച്ചു തരില്ലെന്ന് പറയുകയുമായിരുന്നു.

പി.ജി. അഡ്മിഷൻ എടുക്കാൻ കോണ്ടക്ട് സർട്ടിഫിക്കറ്റ് അത്യാവശ്യമായി വേണ്ട വിദ്യാർത്ഥിനികൾ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പോയി എസ്.ഐയോട് പരാതിപ്പെട്ടു. എസ്.ഐ. കോളേജ് പ്രിൻസിപ്പലിനെ വിളിച്ചപ്പോൾ തുക മുഴുവൻ നൽകാമെന്നും സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നും പറഞ്ഞു. പരാതിപ്പെട്ട വിദ്യാർഥിനികൾ കോളേജിൽ തിരിച്ചെത്തിയപ്പോൾ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് അധികൃതർ പറഞ്ഞു. ഇതേ തുടർന്ന് വീണ്ടും സ്റ്റേഷനിൽ പോയ വിദ്യാർഥിനികൾ പരാതി എഴുതി നൽകി. കുട്ടികൾ കോളേജിൽ എത്തുമ്പോഴേക്ക് പ്രിൻസിപ്പലും സ്ഥലം വിട്ടു.

ദൂര സ്ഥലങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥിനികളായിരുന്നു പലരും. ഇവരെ തെറ്റിദ്ധരിപ്പിച്ച് മാനേജർ പ്രദീപൻ കോണ്ടക്ട് സർട്ടിഫിക്കറ്റിൽ ഒപ്പിട്ട് നൽകി. നിയമപരമായി സാധുതയില്ലാത്ത സർട്ടിഫിക്കറ്റാണ് കുട്ടികൾക്ക് നൽകിയത്. സർട്ടിഫിക്കറ്റുമായി പി.ജി പ്രവേശനത്തിന് പോയ വിദ്യാർത്ഥിനികളും രക്ഷിതാക്കളും മാനേജർ ഒപ്പിട്ടു നൽകിയ സർട്ടിഫിക്കറ്റിന് സാധുതയില്ലെന്നറിഞ്ഞ് പരാതിയുമായെത്തി. ഉടൻ തന്നെ നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങാനുള്ള തകൃതിയായ ശ്രമമായി. സംഭവമറിഞ്ഞ് എസ് എഫ്. ജില്ലാ നേതാക്കൾ കോളേജിൽ എത്തി. കോളേജ് അധികൃതരുടെ നടപടിയിൽ എസ്.എഫ്. ഐ. ചിന്മയ കോളേജ് യൂണിറ്റ് ശക്തിയായി പ്രതിഷേധിച്ചു.

error: Content is protected !!