സി.ഒ.ടി നസീറിനെ അക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി.

തലശ്ശേരിയിലെ മുൻ സിപിഎം നേതാവ് സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെത്തി. ഒരു കൊടുവാളും ഇരുമ്പ് പൈപ്പുമാണ് കണ്ടെത്തിയത്. കൊളശ്ശേരിയിലും വാവാച്ചി മുക്കിലുമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. കേസിലെ മുഖ്യ പ്രതികളിലൊരാളായ റോഷൻ ബാബുവിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയത്. വടകരയിലെ സ്വതന്ത്രസ്ഥാനാർത്ഥിയായിരുന്ന സിഒടി നസീറിനെതിരെ കഴിഞ്ഞ മാസമാണ് തലശ്ശേരിയിൽ വെച്ച് ആക്രമണമുണ്ടായത്.

നസീറിന്റെ കൈകളിലും വയറിലുമാണ് വെട്ടേറ്റത്. ആക്രമണത്തിൽ തലശ്ശേരി എംഎൽഎക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷം ഇന്നലെ നിയമസഭയിൽ ആരോപിച്ചിരുന്നു. എന്നാൽ നസീർ പൊലീസിന് നൽകിയിരിക്കുന്ന മൊഴിയിൽ എ.എൻ ഷംസീറിന്റെ പേരില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വാദം തള്ളി സി.ഒ.ടി നസീർ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഷംസീറിനെതിരെ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നസീർ വ്യക്തമാക്കിയിരുന്നു.

error: Content is protected !!