ബാലഭാസ്‌കറിന്‍റെ മരണം: രണ്ടു പേർ രക്ഷപെടുന്നത് കണ്ടുവെന്ന് സോബി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മിമിക്രി കലാകാരൻ കലാഭവൻ സോബി ജോർജ്. അപകടം നടന്ന് പത്ത് മിനിറ്റിനുള്ളിൽ അത് വഴി വന്ന സോബി അസ്വാഭാവികമായി ചില കാര്യങ്ങൾ കണ്ടുവെന്നാണ് വെളിപ്പടുത്തൽ. ആ വഴി തിരുനൽവേലിയിലേക്ക് പോകുകയായിരുന്ന സോബി സംശയകരമായി അപകട സ്ഥലത്തിനടുത്ത് വെച്ച് രണ്ടു പേരെ കണ്ടിരുന്നു.

സംഭവസ്ഥലത്ത് നിന്ന് ഒരാൾ ഓടി പോകുന്നതും മറ്റൊരാൾ തിടുക്കത്തിൽ ബൈക്ക് തള്ളി കൊണ്ട് പോകുന്നത് കണ്ടുവെന്നുമാണ് സോബിയുടെ വെളിപ്പെടുത്തൽ. ഇവർ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ആരുടെയും സഹായം തേടിയില്ലെന്നും സോബി പറഞ്ഞു. കഴക്കൂട്ടത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചത് ബാലഭാസ്‌കറിനാണെന്ന് മനസിലായത്.

അപകട സ്ഥലത്ത് വെച്ച് രണ്ടു പേരെ കണ്ടത് സ്വാഭാവികമായി തോന്നിയില്ലെന്ന് സോബി വ്യക്തമാക്കി. തുടർന്ന് താൻ സുഹൃത്തായ ഗായകൻ മധു ബാലകൃഷ്ണനോട് വിവരങ്ങൾ പറഞ്ഞുവെന്നും മധു തനിക്ക് ബാലഭാസ്‌കറിന്റെ സുഹൃത്തായ പ്രകാശ് തമ്പിയുടെ നമ്പർ തന്നുവെന്നും സോബി വെളിപ്പെടുത്തി. എന്നാൽ, പ്രകാശ് തമ്പിയിൽ നിന്ന് അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് പ്രകാശ് തമ്പിയായിരുന്നു. ആറ്റിങ്ങൽ സിഐ ആണ് കേസ് അന്വേഷിക്കുന്നതെന്നും ഈ കാര്യങ്ങൾ മറ്റാരോടെങ്കിലും പറഞ്ഞിരുന്നോ എന്നും പ്രകാശ് തമ്പി ചോദിച്ചിരുന്നതായി സോബി പറഞ്ഞു. പത്ത് മിനിറ്റിന് ശേഷം തിരികെ വിളിച്ച പ്രകാശ്, അന്വേഷണസംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർ വിളിക്കുമെന്നും മൊഴി കൊടുക്കാൻ ചെല്ലേണ്ടി വരുമെന്നും പറഞ്ഞു.

error: Content is protected !!