പ്രമുഖ വ്യവസായി ബ്രിജ് മോഹൻ ഖെയ്ത്താൻ അന്തരിച്ചു

കൊൽക്കത്ത ∙ ‘ഇന്ത്യൻ തേയില വ്യവസായത്തിലെ നിത്യഹരിത നായകൻ’ എന്നു വിളിപ്പേരുള്ള പ്രമുഖ വ്യവസായിയും വില്യംസൻ മഗോർ ഗ്രൂപ്പ് കമ്പനിയുടെ ഉടമയുമായ ബ്രിജ് മോഹൻ ഖെയ്ത്താൻ (92) അന്തരിച്ചു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബാറ്ററി ഉൽപാദന സ്ഥാപനമായ എവറെഡി, തേയില ഉൽപാദക സംരംഭമായ മക്‌ലിയോഡ് റസ്സൽ എന്നിവയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് പ്രായാധിക്യത്തെ തുടർന്ന് അടുത്തിടെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ബ്രിജ് മോഹന്റെ ഭാര്യ നേരത്തേ മരിച്ചു. മക്കൾ ആദിത്യ, ദിവ്യ ജലാൻ.

അഭിഭാഷക കുടുംബത്തിൽ പിറന്ന കൊമേഴ്സ് ബിരുദധാരിയായ അദ്ദേഹം തേയില വ്യവസായത്തിലൂടെ ആദ്യം അസമിലും തുടർന്ന് യുഗാണ്ട, റുവാണ്ട, വിയറ്റ്നാം എന്നിവിടങ്ങളിലും വെന്നിക്കൊടി പാറിച്ചു. വില്യംസൻ മഗോർ കമ്പനിയുടെ തേയില, വളം സപ്ലെയറായിരുന്ന അദ്ദേഹം അവരുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇടംനേടുകയും പിന്നീട് കമ്പനിതന്നെ സ്വന്തമാക്കുകയും ചെയ്തു. മറ്റൊരു പ്രമുഖ സ്ഥാപനമായ ബിഷ്നാഷ് തേയിലക്കമ്പനിയും പിന്നീട് സ്വന്തമാക്കി. സ്വാതന്ത്ര്യാനന്തര കാലത്ത് തേയിലവ്യവസായം ഇന്ത്യൻ കമ്പനികളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടതിൽ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്.

error: Content is protected !!