കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം കൂടുന്നു; പരിഹാരം കാണാന്‍ ആശാ വര്‍ക്കര്‍മാര്‍ മുന്നിട്ടിറങ്ങണമെന്ന് ജഡ്ജ് സി സുരേഷ് കുമാര്‍.

ശാരീരികമായും മാനസികവുമായി കുട്ടികള്‍ അക്രമത്തിനിരയാകുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ അതത് പ്രദേശത്തെ ആശാവര്‍ക്കര്‍മാര്‍ക്ക് സാധിക്കണമെന്നും എതെങ്കിലും തരത്തിലുള്ള ചൂഷണത്തിന് കുട്ടികള്‍ ഇരയാകുന്നുണ്ടെങ്കില്‍ അതില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജ് സി സുരേഷ് കുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ ശില്‍പശാലയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വ്വഹിച്ചു.

സാക്ഷരതയുടെ കാര്യത്തില്‍ നേടിയ പുരോഗതിയെ നാണിപ്പിക്കും വിധം കേരളത്തില്‍ കുട്ടികള്‍ അക്രമത്തിനിരയാകുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്. തെരുവ് ബാല്യ വിമുക്ത കേരളത്തിനായി നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതി ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ജില്ലയില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, ട്രെയിനുകള്‍, തിരക്കേറിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കേരളത്തിലുള്ള കുട്ടികളെയും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുട്ടികളെ ബാല ചൂഷണത്തിനായി ഉപയോഗിക്കുന്നത് തടയാനായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്. പോക്സോ അക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനൊപ്പം വിദ്യാഭ്യാസപരവും സാമൂഹ്യവുമായ സുരക്ഷയോടെ കുട്ടികള്‍ക്ക് വളര്‍ന്നുവരാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലയില്‍ 2018-19 വര്‍ഷം നാല് ബാലവേല കേസുകളും 97 പോക്സോ കേസുകളും ശാരീരിക ആക്രമണത്തിനിരായ 78 കുട്ടികളുടെ കേസും 20 ശൈശവ വിവാഹ കേസുകളുമാണ് ചൈല്‍ഡ്ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്ട്രോ, ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ എം പി അബ്ദുറഹിമാന്‍, ബച്പന്‍ ബചാവോ ആന്ദോളന്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഉല്ലാസ് പി സക്കറിയ എന്നിവര്‍ ക്ലാസെടുത്തു.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ ഡി ജോസഫ് അധ്യക്ഷത വഹിച്ചു. കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍, തൊഴിലും നൈപുണ്യവും വകുപ്പ്, ബച്പന്‍ ബചാവോ ആന്ദോളന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കണ്ണൂര്‍ രണ്ടാം സര്‍ക്കിള്‍ സി വിനോദ് കുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍ വി ദിനേഷ്, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അമല്‍ജിത്ത് തോമസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അന്താരാഷ്ട്ര ബാലവേല വിരുദ്ധാചരണത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന മത്സര വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ജലച്ചായ ചിത്രരചനയില്‍ അവന്തിക പുതുക്കുടി (കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) ഒന്നാം സ്ഥാനവും അക്ഷയ ഷമീര്‍ (കസ്തൂര്‍ബാ പബ്ലിക് സ്‌കൂള്‍) രണ്ടാം സ്ഥാനവും പെന്‍സില്‍ ചിത്രരചനയില്‍ വൈഷ്ണു എസ് രാജ് (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പുതിയതെരു) ഒന്നാം സ്ഥാനവും അദ്വൈത് പി പി (മമ്പറം യു പി സ്‌കൂള്‍) രണ്ടാം സ്ഥാനവും നേടി.

error: Content is protected !!