കണ്ണൂരിന്റെ ടൂറിസം കാഴ്ചകള്‍ ലോകത്തിന് മുന്നില്‍; ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ സംവിധാനത്തിലൊരുക്കിയ പ്രൊമോഷന്‍ വീഡിയോ പ്രകാശനം ചെയ്തു.

കണ്ണൂരിന്റെ ടൂറിസം കാഴ്ചകള്‍ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ സംവിധാനത്തിലൊരുക്കിയ പ്രൊമോഷന്‍ വീഡിയോ പ്രകാശനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന കലക്ടര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങിലാണ് ജില്ലയിലെ കാഴ്ചകളും അനുഭവങ്ങളും ജനങ്ങള്‍ക്ക് മുമ്പിലെത്തിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചത്. മേയര്‍ ഇ പി ലത പ്രദര്‍ശനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

ടൂറിസത്തിന് ഏറെ സാധ്യതകളുള്ള സ്ഥലമാണ് കണ്ണൂരെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെയെത്തിക്കാന്‍ മികച്ച ഒരു അന്താരാഷ്ട്ര വിമാനത്താവളം നമുക്കുണ്ട് എന്നത് വലിയ അനുകൂല ഘടകമാണ്. അത് പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കണം.  കണ്ണൂരിലുള്ളവര്‍ പോലും കണ്ടിരിക്കാനിടയില്ലാത്ത ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മൂന്ന് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ തനിക്ക്  കഴിഞ്ഞിട്ടുണ്ടെന്നും അവിടങ്ങളിലെല്ലാം എല്ലാവരെയും എത്തിക്കാന്‍ ആഗ്രഹിച്ചിരുന്നതായും കലക്ടര്‍ പറഞ്ഞു. ഇതിനുള്ള എളിയ ശ്രമമണ് ഈ രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ. കേരളത്തിന് പുറത്തുള്ള സന്ദര്‍ശകരെ കൂടുതലായി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. ഇവര്‍ക്ക് മികച്ച താമസവും ഭക്ഷണവും നല്‍കാന്‍ ഹോംസ്റ്റേ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

40 മണിക്കൂര്‍ കൊണ്ടാണ് വീഡിയോയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം അറിയിച്ചു. കലക്ടര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ജില്ലയിലെ വിശാലമായ കടല്‍ത്തീരങ്ങള്‍, ഇടതൂര്‍ന്ന കണ്ടല്‍ക്കാടുകള്‍, കായലുകള്‍, ചരിത്ര-പൈതൃകങ്ങള്‍, കൊതിയൂറും ഭക്ഷണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് വീഡിയോയുടെ ചിത്രീകരണം. കൗമാരക്കാരന്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോ, ഡിടിപിസി ചെയര്‍മാന്‍ കൂടിയായ മീര്‍ മുഹമ്മദലിയുടെ ആദ്യത്തെ സംവിധാന സംരംഭം കൂടിയാണ്.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ മലയാളം, സ്പാനിഷ് പതിപ്പുകളാണ് ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചത്. കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, അറബി, തുടങ്ങി ആറ് ഭാഷകളിലേക്ക് കൂടി വീഡിയോ ഡബ്ബ് ചെയ്തിട്ടുണ്ട്. തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ശിവയാണ പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അന്‍ഷാദ് കരുവഞ്ചാല്‍ പ്രൊജക്ട് ഡിസൈനറും ജിതീഷ് ജോസ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുമാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ചിത്രം നിര്‍മിച്ചത്. വീഡിയോയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ അലന്‍ ജേക്കബ്, രഞ്ജിത്ത് ആര്‍ മീഡിയ, ചിത്രീകരണത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കിയ പി എം മുഹമ്മദ് ഹര്‍ഷാദ്, ജോവിന്‍ ജോര്‍ജ്ജ് ജിയോസാന്റ്, ഇ വി ഹാരിസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

error: Content is protected !!