“ദിവസവും 30 മിനുട്ടെങ്കിലും വായിക്കൂ; ഏകാഗ്രത വര്‍ധിപ്പിക്കൂ”; വിദ്യാര്‍ഥികള്‍ക്ക് ജില്ലാ കലക്ടറുടെ ഉപദേശം

ട്വിറ്ററിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ടിക്‌ടോക്കിന്റെയും കാലത്ത് ആളുകള്‍ക്ക് ഏകാഗ്രത കുറഞ്ഞുവരികയാണെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി. വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുനിസിപ്പല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തു വര്‍ഷം മുമ്പ് ഒരാള്‍ക്ക് എട്ട് സെക്കന്റെങ്കിലും ഒരേ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ ഇന്നത് മൂന്ന് സെക്കന്റായി കുറഞ്ഞു. മനുഷ്യര്‍ ചെയ്യുന്ന ജോലികള്‍ക്കു പകരം റോബോട്ടിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമെല്ലാം വരുന്നതോടെ, ആളുകള്‍ക്ക് ജോലി ലഭിക്കാന്‍ അവശ്യം വേണ്ട നൈപുണ്യം ഒരു കാര്യത്തില്‍ കൂടുതല്‍ നേരം ശ്രദ്ധ പതിപ്പിക്കാനുള്ള കഴിവാണെന്നാണ് കാനഡയില്‍ നടന്ന ഗവേഷണ പഠനം വ്യക്തമാക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ ഈ കഴിവിനെ ഇല്ലാതാക്കുമ്പോള്‍ പുസ്തക വായനയിലൂടെ മാത്രമേ അത് ആര്‍ജിക്കാന്‍ സാധിക്കൂ എന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ചുരുങ്ങിയത് ദിവസവും 30 മിനുട്ട് നേരമെങ്കിലും പുസ്തകം വായിക്കുന്ന ശീലമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അറിവിനൊപ്പം ആത്മവിശ്വാസവും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ അത് സഹായകമാവും. മറ്റുള്ളവരെക്കാള്‍ ഏറെ ഉയരത്തിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ സാധിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം ആര്‍ പ്രഭാകരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മലാ ദേവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം സുര്‍ജിത്ത്, അധ്യാപക പ്രതിനിധി എന്‍ സുജിത്ത് തുടങ്ങിയവര്‍ എന്നിവര്‍ സംസാരിച്ചു.

വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജൂണ്‍ 19 മുതല്‍ ജൂലൈ ഏഴ് വരെ ജില്ലയിലെ സ്‌കൂളുകളിലും വായനശാലകളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. സ്‌കൂളുകളില്‍ എഴുത്തുപെട്ടി, വനിതാ വേദിയുടെ നേതൃത്വത്തില്‍ വായനശാലകളില്‍ വായനാകൂട്ടം, സ്‌കൂള്‍ ലൈബ്രറി സജീകരിക്കല്‍, ലൈബ്രറികളില്‍ പുസ്തക പ്രദര്‍ശനം, അമ്മ വായന, ലഹരി വിരുദ്ധ സദസ്സ്, ലൈബ്രറികളിലേക്ക് പുസ്തകം സമാഹരിക്കുന്ന അക്ഷരഭിക്ഷ, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ വായനാ മത്സരം, പൊന്‍കുന്നം വര്‍ക്കി അനുസ്മരണം, വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം, എഴുത്തുപെട്ടിയിലെ നല്ലവായനാകുറിപ്പിന് സമ്മാനം നല്‍കല്‍, വായനാകുറിപ്പ് തയ്യാറാക്കല്‍ മത്സരം, ക്വിസ് മത്സരം, എല്‍ പി-യു പി വനിതാവായനാ മത്സരം എന്നീ പരിപാടികളാണ് നടത്തുക.

ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് വായനാ പക്ഷാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

error: Content is protected !!