മീര്‍ മുഹമ്മദ് അലി കണ്ണൂരിന്റെ വികസനത്തിന് കയ്യൊപ്പ് ചാര്‍ത്തിയ കലക്ടര്‍: ജില്ലാ ആസൂത്രണ സമിതി

ശുചിത്വ മിഷന്‍ ഡയറക്ടറായി സ്ഥലംമാറി പോകുന്ന ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ്. ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് യാത്രയയപ്പ് നല്‍കിയത്. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ആസൂത്രണ സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. കണ്ണൂരിലെ വിനോദ സഞ്ചാര മേഖലയെ അടിസ്ഥാനമാക്കി ജില്ലാ കലക്ടര്‍ തയ്യാറാക്കിയ പ്രൊമോഷനല്‍ വീഡിയോയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ജില്ലയുടെ വികസന രംഗത്തും പൊതുവളര്‍ച്ചയിലും ഒരു പ്രകാശമായി നില്‍ക്കാന്‍ കലക്ടര്‍ മീര്‍ മുഹമ്മദ് അലിക്ക് സാധിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളോട് ചേര്‍ന്നു നില്‍ക്കാനും സസൂക്ഷ്മം അവ വിലയിരുത്താനും കലക്ടര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. ആദിവാസി ദുര്‍ബല മേഖലകളുടെ വികസനത്തില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്താനും, ജില്ലയുടെ ടൂറിസം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് തുടങ്ങിയ രംഗങ്ങളില്‍ വലിയ സാന്നിധ്യമാകാനും കലക്ടര്‍ക്ക് സാധിച്ചു. ഭാവി കണ്ണൂരിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ കയ്യൊപ്പ് തീര്‍ച്ചയായും ഉണ്ടാകുമെന്നും കെ വി സുമേഷ് പറഞ്ഞു.
2016 ആഗസ്തിലാണ് കണ്ണൂര്‍ ജില്ലാ കലക്ടറായി മീര്‍ മുഹമ്മദ് അലി ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ജില്ലയില വിവിധ സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കണ്ണൂരിന്റെ വികസനം അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും കലക്ടര്‍ പറഞ്ഞു. അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമായത് ജില്ലയ്ക്ക് വലിയ നേട്ടമാണ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കണ്ണൂരിന്റെ ചിത്രം മാറുമെന്നതില്‍ സംശയമില്ല. നിരവധി വികസന പ്രവൃത്തികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ തനിക്ക് സാധിച്ചത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണ കൊണ്ടാണ്. ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇടയില്‍ നല്ല ബന്ധം ഉണ്ടായാല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കണ്ണൂര്‍ നല്‍കിയ ധന്യമായ ഓര്‍മകള്‍ ഒരിക്കലും ഓര്‍മകളില്‍ നിന്ന് മാഞ്ഞുപോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയപാലന്‍ മാസ്റ്റര്‍, അജിത് മാട്ടൂല്‍, കെ ശോഭ, സുമിത്ര ഭാസ്‌കരന്‍, ടി ടി റംല, പി കെ ശ്യാമള ടീച്ചര്‍, പി ഗൗരി, തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് കുടുവന്‍ പത്മനാഭന്‍, മൈഥിലി രമണന്‍, എം സുകുമാരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!