370-ലേറെ മണ്ഡലങ്ങളില്‍ ഇ വി എമ്മുകളിലെ വോട്ടുകണക്കുകളില്‍ വ്യത്യാസം.

രാജ്യത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും ഇ.വി.എമ്മുകളിലെ വോട്ടുകണക്കുകളില്‍ വന്‍ വ്യത്യാസം . 370 ലധികം മണ്ഡലങ്ങളിലെ ഇവിഎമ്മുകളില്‍ ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ കണക്ക് ഉദ്ധരിച്ച് ദ ക്വിന്റ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ കമ്മീഷന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ആദ്യത്തെ നാല് ഘട്ടങ്ങളിലെ ആകെ പോള്‍ ചെയ്ത വോട്ടുകളും ഇ.വി.എമ്മിലെ ആകെ വോട്ടുകളും തമ്മിലാണ് ദി ക്വിന്റ് താരതമ്യം ചെയ്തത്. ഫലത്തില്‍ കണ്ടത് വന്‍ വ്യത്യാസം. തമിഴ് നാട്ടിലെ കാഞ്ചീപുരം,ധര്‍മ്മപുരി, ശ്രിപെരുമ്പത്തൂര്‍ മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശിലെ മധുരയിലുമാണ് വോട്ട് കണക്കില്‍ ഏറ്റവും കൂടുതല്‍ വൈരുദ്ധ്യമുള്ളത്. കാഞ്ചീപുരത്ത് ഇ.വി.എമ്മില്‍ 18333 വോട്ട് ആകെ പോള്‍ ചെയ്ത വോട്ടിനെക്കാള്‍ കൂടുതലാണ്. ധര്‍മ്മപുരിയില്‍ 17,871, ശ്രിപെരുമ്പത്തൂര്‍ 14512,വോട്ട്, മധുരയില്‍ 9906. മെയ് 27ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇത് സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞെങ്കിലും ഇതുവരെ മറുപടിയുണ്ടായിട്ടില്ല. നാല് വരെയുള്ള ഘട്ടങ്ങളിലെ മൊത്തം വോട്ടിന്റെ കണക്ക് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരുന്നു. എന്നാലിപ്പോള്‍ ആ കണക്കിലേക്കിലേക്കുള്ള ലിങ്ക് കമ്മീഷന്‍ സൈറ്റില്‍ നിന്ന് നീക്കം ചെയ്തെന്നും ക്വിന്റ് അവകാശപ്പെടുന്നുണ്ട്.

വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത്തരം വോട്ട് വ്യത്യാസങ്ങള്‍ അനുദിനം പുറത്ത് വരികയാണ്. സര്‍ക്കാരിനെ സുതാര്യമാക്കി നിര്‍ത്താന്‍ ജനങ്ങള്‍ക്കുള്ള ഒരേ ഒരു അവസരമാണ് തെരഞ്ഞെടുപ്പ്. അതിന്റെ വിശ്വാസീയത നിലനില്‍ക്കണം എന്നും ക്വിന്റ് വെബ്സൈറ്റിന്റെ വാര്‍ത്ത പങ്ക് വച്ച് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

error: Content is protected !!