വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപികമാര്‍ക്കും പീഢനം; തളാപ്പ് ചിന്മയ വനിതാ കോളേജില്‍ സമരം

കണ്ണൂർ: തളാപ്പ് ചിന്മയാമിഷൻ വനിതാ കോളേജിൽ വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും എതിരെ മാനേജ്മെന്റ് നടത്തുന്ന പീഢനങ്ങൾക്കെതിരെ കോളേജ് വിദ്യാർത്ഥിനികൾതന്നെ രംഗത്ത്. ക്ലാസ് ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ ഒന്നടങ്കം മുദ്രാവാക്യം വിളികളുമായി കോളേജിൽ കുത്തിരുന്നു.

മാനേജ്മെന്റിന്റെ തെറ്റായ നടപടികൾക്കെതിരെ പ്രതികരിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണ്. ജോലിയിൽ സ്ഥിരപ്പെട്ടിരുന്ന നിയമാധ്യാപികയെ കഴിഞ്ഞ ദിവസം കരാറടിസ്ഥാനത്തിൽ മാറ്റി. ശമ്പള വർധന ആവശ്യപ്പെട്ട് മുന്നിൽ നിന്നതും വനിതകൾ മാത്രമുള്ള സ്റ്റാഫ് റൂമിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത് ചോദ്യം ചെയ്തതുമായിരുന്നു കാരണം. സി.സി.ടി.വി.ക്യാമറ സ്ഥാപിച്ചത് അന്ന് വിവാദമായപ്പോൾ മാനേജ്മെന്റ് സ്റ്റാഫ് റൂമിൽ നിന്നും എടുത്തു മാറ്റിയിരുന്നു.

പ്രസവാവധി കഴിഞ്ഞു തിരിച്ചു വരുമ്പോൾ സ്ഥിരം അധ്യാപികയാണെങ്കിൽ പോലും ജോലി ഉണ്ടാവില്ല. ഉണ്ടെങ്കിൽ തന്നെ കരാർ അടിസ്ഥാനത്തിലോ അതുവരെയുള്ള സർവീസ് പരിഗണിക്കാതെ തുടക്കക്കാരായോ ആണ് തിരിച്ചെടുക്കുക. ആറുമാസത്തെ പ്രസവാവധിക്ക് ഇഎസ്ഐ നിന്ന് ശമ്പളം കൊടുക്കുന്നുണ്ടെങ്കിലും ആറുമാസം കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ മാനേജ്മെന്റ് അനുവദിക്കില്ല. ഒരുവർഷം കഴിഞ്ഞ് വരാൻ പറയും. അപ്പോഴേക്കും സർവീസ് ബ്രേക്കാക്കി പുതുതായോ, കരാറിലോ ജോലി നൽകി നിയമലംഘനം നടത്തുകയാണ്.

വനിതാ കോളേജായ ഇവിടെ കോട്ട് ധരിച്ചില്ലെന്ന് പറഞ്ഞ് നിയമാധ്യാപികയെ കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ ഇ.കെ. മഹീന്ദ്രൻ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോട്ട് ധരിക്കാത്ത മറ്റ് അധ്യാപികമാരുടെ കാര്യം ചൂണ്ടി കാണിച്ചപ്പോൾ തന്നെ സസ്പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കോഷൻ ഡെപ്പോസിറ്റ് തിരിച്ചു ചോദിച്ച വിദ്യാർത്ഥിനികൾക്ക് സ്വഭാവസർട്ടിഫിക്കറ്റ് കൊടുക്കാതിരിക്കുകയും പരാതിപ്പെട്ടപ്പോൾ വ്യാജ കോൺഡക്ട് സർട്ടിഫിക്കറ്റ് നൽകി കബളിപ്പിക്കുകയും മാനേജ്മെന്റ് ചെയ്തിരുന്നു. പ്രളയ ദുരിതാശ്വാസത്തിന് തങ്ങൾ നൽകിയ തുണിത്തരങ്ങളും മറ്റും ദുരിതബാധിതർക്ക് എത്തിക്കാതെ കോളേജ് ഓഫീസിലും മറ്റും ഉപയോഗിക്കുകയാണെന്ന ഗുരുതരമായ ആരോപണവും കുട്ടികൾ ഉന്നയിച്ചു. മാനേജ്മെന്റിന്റെ വിദ്യാർത്ഥി – അധ്യാപക ദ്രോഹ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

error: Content is protected !!