സസ്‌പെന്‍ഷനിലായ ആന്തൂര്‍ നഗരസഭ സെക്രട്ടറിക്ക് കഞ്ഞികുടി മുട്ടില്ല; ഉപജീവന ബത്ത നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്.

കണ്ണൂര്‍: ബക്കളത്ത് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ സ്ഥാപനത്തിന് അകാരണമായി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും ബിള്‍ഡിംഗ് നമ്പറും അനുവദിക്കാത്തതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ആന്തൂര്‍ നഗരസഭാ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ കാലയളവില്‍ ഉപജീവന ബത്ത നല്‍കാന്‍ കേരള സര്‍ക്കാര്‍ ഉത്തരവ്. 1972- ലെ ഉപജീവന ബത്ത നിയമ (2) പ്രകാരമാണ് ആന്തൂര്‍ നഗരസഭ സെക്രട്ടറി എം കെ ഗിരീഷിന് ഉപജീവന ബത്ത ലഭിക്കുക. ഗിരീഷ് അടക്കം നാല് നഗരസഭ ഉദ്യോഗസ്ഥരെ പ്രത്യക്ഷത്തില്‍ തെറ്റുകാരാണെന്ന് കണ്ട് സസ്‌പെന്‍ഷന്‍ ചെയ്ത കാര്യം മന്ത്രി എം സി മൊയ്തീനാണ് ഇന്നലെ അറിയിച്ചത്.

അതേ സമയം താനിവിടെ ഇരിക്കുന്നിടത്തോളം കാലം സ്ഥാപനത്തിന് അനുമതി നല്‍കില്ലെന്ന് പറഞ്ഞ നഗരസഭ ചെയര്‍പേഴ്‌സണും സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പി കെ ശ്യാമളയ്‌ക്കെതിരെ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ബക്കളത്ത് സി പി എം പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കാന്‍ ആന്തൂര്‍ നഗരസഭ വഴിവിട്ട സഹായം നല്‍കിയെന്ന ആരോപണവും ശക്തമാണ്.  ഇവിടെ സിപിഎം പാര്‍ട്ടി ഓഫിസിന്റെ സ്റ്റേജ് പുറമ്പോക്കിലാണെന്നും ഇതിന് മരണമടഞ്ഞ സാജനില്‍ നിന്ന് സഹായം സ്വീകരിച്ചിരുന്നുവെന്നുമാണ് ആരോപണം.സാജനാണ് സിപിഎം ബക്കളം നോർത്ത് ബ്രാഞ്ച് കമ്മിറ്റിക്കു വേണ്ടി നിർമിച്ച ചെഗുവേര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ഷീറ്റുകൾ നിർമിച്ചു നൽകിയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

സാജന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആന്തൂര്‍ നഗരസഭ ആസ്ഥാനത്തേക്ക് ഇന്നലെ യു ഡി എഫ് മാര്‍ച്ച് നടത്തിയിരുന്നു.

error: Content is protected !!